Tuesday, April 26, 2016

വരൂ, ചരിത്രത്തോട് യുദ്ധം ചെയ്തു കളിക്കാം

മിനിമം പത്തു ചോദ്യമാണ് ഇപ്പോൾ നാട്ടുനടപ്പ്. ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും സുധീരനും  മുതൽ കിരൺ തോമസ്‌ വരെ അങ്ങിനെയാണിപ്പോൾ. ആർക്കും ഉത്തരം ഒന്നും തന്നെ കിട്ടുന്നതായി പക്ഷെ കാണുന്നില്ല. അതുകൊണ്ട് ഞാൻ ചോദ്യങ്ങള;ഉടെ എണ്ണം കുറച്ചു: ഒരു  ചോദ്യം, രണ്ടു  ഉപചോദ്യം. സുധീരനോടാണ് ചോദ്യം. ഉമ്മൻ ചാണ്ടിയ്ക്കോ ചെന്നിത്തല്കയ്ക്കോ എന്റെ സുഹൃത്തും കുറ്റ്യാടിയിലെ കോൺഗ്രസുകാരനുമായ ഷംസീറിനൊ ഒക്കെ വേണമെങ്കിൽ ഉത്തരം പറയാം.

ഉപചോദ്യത്തിൽ തുടങ്ങാം.

1977-ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകൾ ആരെസ്സെസ്സുമായി ചേർന്നില്ലേ എന്ന് ശ്രീ സുധീരൻ ചോദിക്കുന്നു. ചേർന്നു എന്നാണ് എന്റെ ഉത്തരം. അങ്ങിനെ ചേർന്നത് അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു എന്ന കാര്യം ശ്രീ സുധീരൻ നിഷേധിക്കില്ലല്ലോ. (ആറെസ്സെസ്സുകാരുടെയും കമ്യൂനിസ്ടുകളുടെയും ഒപ്പം തടവറ മുറി പങ്കിട്ടവരിൽ ജമായത്തെ ഇസ്ലാമിക്കാരും ഉണ്ടായിരുന്നു എന്ന് വായിച്ചതോർക്കുന്നു..എന്തൊരു കൂട്ടുകെട്ട്, അല്ലെ? അത് പോട്ടെ). അടിയന്തിരാവസ്ഥ തെറ്റായി പോയി എന്ന് കോൺഗ്രസ് പിന്നീട് പശ്ചാത്തപിച്ചിട്ടുണ്ട്. ഗുവാഹത്തി എ ഐ സി സി യിൽ എതിർത്തു സംസാരിച്ച എ കെ ആന്റണി സഞ്ജയ്‌ ഗാന്ധിയുടെ നോട്ടപ്പുള്ളിയായി; കെ പി സി സി പ്രസിഡന്റ്റ് ആയതു കാരണം തല്ലു കിട്ടിയില്ലെന്നും പി സി ചാക്കോയ്ക്ക് മറ്റും കിട്ടി എന്നും കേട്ടിട്ടുണ്ട്). എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ചെതിർത്തു എന്ന കാരണം കൊണ്ടാണ് 1977-ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തോറ്റതും അടിയന്തിരാവസ്ഥ പിൻവലിച്ചതും.

ഉപചോദ്യം 2: അടിയന്തിരാവസ്ഥ തുടരേണ്ടിയിരുന്നുവോ?

പിണറായിയെക്കുറിച്ചുള്ള അഭിപ്രായം മാറ്റിയില്ലേ എന്ന് വീയെസ്സിനോട് ഉമ്മൻ ചാണ്ടി ചോദിക്കുന്നു. മാറ്റി, അത്രേയുള്ളൂ. 1978-ഇൽ തങ്ങളുടെ പാർട്ടിയായ അറസ് കോൺഗ്രസ് ഇന്ദിരാ ഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് സുധീരന്റെ നേതാവായിരുന്ന എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു. അത്ര തീവ്രമായിരുന്നു ഇന്ടിരയോടും അടിയന്തിരാവസ്ധയോടുമുള്ള എതിർപ്പ്. അതിനു ശേഷം സി പി എമ്മിനോട് കൂടി 1980-ഇൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് രൂപം കൊടുത്തു. രണ്ടു കൊല്ലം തികയുന്നതിനു മുൻപ് അവിടം വിട്ടു 1981-ഇൽ കോൺഗ്രസിനോട് ചേർന്നു യു ഡി എഫ് ഉണ്ടാക്കി. 1982-ഇൽ  ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തിൽ അവർ പ്രസിഡന്റായ കോൺഗ്രസിൽ ലയിച്ചു.

ഉപചോദ്യം 1: ഇന്ദിരാ ഗാന്ധിയോടുള്ള നിലപാട് മാറ്റിയാണോ മാറ്റാതെയാണോ ആന്റണിയും സുധീരനും കൂട്ടരും കോൺഗ്രസിൽ ചേർന്നത്?

ഇനി ചോദ്യം:

1990 നവംബര് 7-നു ലോക്സഭയിൽ ഒരു വിശ്വാസ വോട്ടു നടന്നു. അന്ന് പ്രധാനമന്ത്രി ആയിരുന്ന വി പി സിംഗ് ആയിരുന്നു ആ വിശ്വാസ പ്രമേയം  അവതരിപ്പിച്ചത്. തർക്കത്തിൽ പെട്ട് കിടന്നിരുന്ന രാമജന്മ ഭൂമിയുടെ പൂട്ട്‌  രാജീവ് ഗാന്ധി  തുറന്നു കൊടുത്തതിനെത്തുടർന്നു അവിടെ രാമ ക്ഷേത്രം സ്ഥാപിക്കണം എന്നാവശ്യപ്പെട്ടു അന്ന് ബി ജെ പി അധ്യക്ഷനായിരുന്ന ലാൽ കൃഷ്ണ അദ്വാനി ഒരു രഥയാത്ര നടത്തി. 1990 സെപ്റ്റംബർ 25-നു ഗുജറാത്തിലെ സോമനാധിൽ തുടങ്ങി പതിനായിരം കിലോമ്മീറ്റർ സഞ്ചരിച്ച് ഒക്ടോബർ 30-നു അയോധ്യയിൽ അവസാനിക്കുന്ന ഒരു യാത്രയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. അന്ന് രാമ ക്ഷേത്ര നിർമ്മാണത്തിനുള്ള കർസേവ തുടങ്ങും എന്നായിരുന്നു ബി ജെ പി പ്രഖ്യാപിച്ചത്. സ്വതന്ത്ര ഇന്ത്യ കണ്ടത്തിൽ വച്ച് ഏറ്റവും രക്തരൂഷിതമായ ഒരു വർഗീയ ധ്രുവീകരണ പരിപാടിയായിരുന്നു  ഈ നാടിന്റെ ഹൃദയഭൂമിയിലൂടെ അപകടകാരിയായ അദ്വാനി നടത്തിയത്. കടന്നുപോകുന്ന വഴികളിൽ എങ്ങും ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭയവും അരക്ഷിതാവസ്ഥയും വിതച്ച് അക്രമത്തിനും ചോര ചൊരിച്ചിലിനും കാരണമായ രഥയാത്ര തടയണം എന്ന് പല കോണിൽ നിന്നും ആവശ്യം ഉയർന്നു. ബി ജെ പി യ്ക്ക് അത് ഏതുവിധേനയും ലാഭമുള്ള ഏർപ്പാടായിരുന്നു: യാത്ര പൂർത്തിയാക്കിയാൽ സ്വന്തം വർഗീയ അജണ്ടയ്ക്കു ലഭിച്ച പിന്തുണയായി അത് വ്യാഖ്യാനിക്കാം. തടഞ്ഞാൽ അതുവച്ചു രക്തസാക്ഷി  പരിവേഷം അണിയാം.  എന്നാൽ ബി ജെ പി യുടെ പിന്തുണയോടെ കേന്ദ്രം ഭരിച്ചിരുന്ന വി പി സിംഗ് സർക്കാരോ, അദ്ദേഹത്തിൻറെ പാർട്ടിയായ ജനതാ ദളോ യാത്ര തടയും എന്ന് ബി ജെ പി കരുതിയില്ല. പക്ഷെ അങ്ങിനെ നടന്നില്ല. സിംഗിന്റെ പാർട്ടിയായ ജനതാ ദളിന്റെ ഭരണത്തിലുണ്ടായിരുന്ന ബീഹാറിലെ സമസ്തിപ്പൂരിൽ വച്ച് വച്ച് സംസ്ഥാന സർക്കാർ യാത്ര തടഞ്ഞു, അദ്വാനിയെ അറസ്റ്റ് ചെയ്തു. തുടർന്ന് ബി ജെ പി കേന്ദ്ര സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. വി പി സിംഗ് സർക്കാരിനോട് വിശ്വാസ വോട്ടു നേടാൻ രാഷ്ട്രപതി ആർ വെങ്കട്ട രാമൻ ആവശ്യപ്പെട്ടു.  ലോക്സഭയിലെ കക്ഷി നില ഇങ്ങിനെയായിരുന്നു.

കോൺഗ്രസ്: 197
ജനതാദൾ: 79
ബി ജെ പി: 85
സിപിഎം: 33

വിശ്വാസ വോട്ടിന്റെ കണക്ക് ഇങ്ങിനെ:
അനുകൂലമായി: 152
എതിർത്ത്: 356.

വി പി സിംഗ് സർക്കാർ രാജിവച്ചു.

ചോദ്യം: ഇന്ത്യയുടെ മതേതരത്വത്തിന് കടുത്ത വെല്ലുവിളി ഉയർത്തി ഒരു വർഗീയവാദി നടത്തിയ  അക്രമയാത്ര തടഞ്ഞ സർക്കാരിനെ താഴെയിറക്കാൻ  അതേ വർഗീയവാദിയ്ക്കും അയാളുടെ പാർട്ടിയ്ക്കുമൊപ്പം ലോക്സഭയിൽ കൈ പൊക്കി അയാളുടെ ഇംഗിതം  സാധിച്ചു കൊടുത്തവരിൽ കോൺഗ്രസുകാർ ഉണ്ടായിരുന്നോ?


ചോദ്യങ്ങൾ കഴിഞ്ഞു. ഒരൊറ്റ കാര്യം കൂടി.

വി പി സിംഗ് സർക്കാർ രാജിവച്ചു, പിന്നെ വന്ന ചന്ദ്രശേഖർ സർക്കാരിനെ കോൺഗ്രസ് വീഴ്ത്തി. നരസിംഹ റാവു സർക്കാരിന്റെ കാലത്ത് ഇതേ അദ്വാനി വീണ്ടും ഒരു യാത്ര നടത്തി, അതിന്റെയൊടുക്കം, 1992 ഡിസംബർ 6-നു, ബാബറി മസ്ജിദ് തകർത്തു . അങ്ങിനെ ഒരു കോൺഗ്രസ് പ്രധാനമന്ത്രി  തുറന്നുകൊടുത്ത വഴിയിലൂടെ യാത്ര തുടങ്ങി, തടഞ്ഞ ഒരു കോൺഗ്രസിതര പ്രധാനമന്ത്രിയെ കോൺ ഗ്രസ് സഹായത്തോടെ അരിഞ്ഞു വീഴ്ത്തി, മറ്റൊരു കോൺഗ്രസ്  പ്രധാനമന്ത്രിയുടെ കാലത്ത് ബി ജെ പി അവരുടെ ലക്ഷ്യം സാധിച്ചെടുത്തു.

മഹാത്മാ ഗാന്ധിയുടെ വധത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ബാബറി മസ്ജിദിന്റെ വീഴ്ച എന്ന് മുൻരാഷ്‌ട്രപതി കെ ആർ നാരായണന്റെ വിലയിരുത്തൽ ശരിയോ തെറ്റോ എന്ന് ഞാൻ ചോദിക്കുന്നില്ല.

കാരണം ചരിത്രം കൊണ്ടുള്ള യുദ്ധം തമാശുകളിയല്ല. ഉറപ്പില്ലാത്ത അജണ്ടയും പാളയത്തിൽ പടയുമായി ഇറങ്ങുന്നവർക്ക് ഒട്ടും എളുപ്പവുമല്ല.