Thursday, May 11, 2017

ഗോസ്വാമി ഓലിയിടുമ്പോൾ


സ്റ്റെയ്റ്റ് ബാങ്കിന്റെ രാവിലത്തെ സർക്കുലർ കണ്ടു അന്തംവിട്ടുനിൽക്കുമ്പോഴാണ് ഒരു സുഹൃത്ത് വിളിച്ചത്. ഇത് ബാങ്കിന്റെ ബിസിനസിനെ ബാധിക്കില്ലേ എന്ന സംശയം ഞങ്ങൾ പരസ്പരം പറഞ്ഞു. "നിങ്ങൾക്കെന്താണ് തോന്നുന്നത്, അങ്ങിനെ ഒരു ബാങ്ക് ചെയ്യുമോ?," സുഹൃത്ത് എന്നോട് ചോദിച്ചു.

സാധാരണ ഗതിയിൽ ഉത്തരം നെഗറ്റിവാകേണ്ടതാണ്. ഇത്രയധികം വലിയ, ഇത്രയധികം മനുഷ്യജീവിതങ്ങളുടെ ഭാഗമായ, ഇത്രയധികം ഭാവിയിലേക്ക് നോക്കിയിരിക്കുന്ന ഒരു ബാങ്കിന്റെ അധികാരികൾ ആത്മഹത്യാപരമായ തീരുമാനം എടുക്കുമോ? 'ഇല്ല' എന്ന ഉത്തരമാണ് സ്വാഭാവികമായും എന്റെ നാക്കിൽനിന്നും അപ്പോൾത്തന്നെ വരേണ്ടത്.

പക്ഷെ അങ്ങിനെയൊരു ഉത്തരം പറയാൻ എനിക്ക് കഴിഞ്ഞില്ല. കാരണം എനിക്ക് പല സംവിധാനങ്ങളെയും പഴയപോലെ വിശ്വാസമില്ല. ഒരു വാണിജ്യബാങ്ക് മാത്രമായ സ്റ്റെയ്റ്റ് ബാങ്കിനേക്കാൾ എത്രയോ  പ്രൊഫഷണലായ, നിയമത്താൽത്തന്നെ സ്വയംഭരണാവകാശമുള്ള, ലോകത്തിലെ മികച്ച കേന്ദ്രബാങ്കുകളിലൊന്നായ ഇന്ത്യൻ റിസർവ്വ് ബാങ്കിന്റെയും ഇന്ത്യയിലെ തന്നെ മെച്ചപ്പെട്ട ഭരണ സംവിധാനമുള്ള ധനകാര്യ വകുപ്പിന്റെയും തീരുമാനമെടുക്കാൻ പ്രക്രിയയെ വിശ്വസിച്ചാണ് ഞാൻ നോട്ടുപിൻവലിക്കൽ തീരുമാനത്തെ ആദ്യം അനുകൂലിച്ചത്. പക്ഷെ അവരെയെല്ലാം നോക്കുകുത്തികളായി  നിർത്തി ഭരണകൂടം എടുത്ത തീരുമാനമാണ് എന്ന് പിന്നീട് മനസിലായി.

എത്രയോ അവധാനതയോടെ മാത്രം തീരുമാനമെടുക്കുന്ന, മൊത്തതിൽ ബഹുമാനിക്കപ്പെടുന്ന സംവിധാനങ്ങളെ തൃണവൽക്കരിക്കാൻ കഴിഞ്ഞ ഭരണകൂടത്തിന് എസ് ബി ഐ യെ വന്ധ്യംകരിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.അതുകൊണ്ടുതന്നെ ആ ചോദ്യത്തിനുള്ള ഉത്തരം എളുപ്പമായിരിക്കില്ല.

***
ഇത്തരമൊരു ആശയപ്രതിസന്ധി എങ്ങിനെ എന്നെ ബാധിച്ചു എന്നത് എനിക്കൊരു പ്രശ്നമാണ്. എനിക്കതിനൊരു മറുപടിയെ ഉള്ളൂ: എന്നെ ദുര്ബലനാക്കുന്നത് ഭരണകൂടത്തിന്റെ ആക്രാന്തമല്ല. ഒരു ഭരണകൂടത്തിനും അനന്തകാലം ദുർഭരണം നടത്താനാകില്ല എന്ന കാര്യത്തിൽ എനിക്കിപ്പോഴും സംശയമില്ല; ഭരിക്കപ്പെടുന്നവർ സമ്മതിച്ചില്ല എങ്കിൽ.  

ഇന്ത്യയിലെ സാധാരണ മനുഷ്യരെക്കുറിച്ച് എനിക്ക് സംശയമില്ല. നിത്യജീവിതത്തിലെ ദുരിതങ്ങൾക്കുമേൽ ചായം പൂശിക്കൊടുക്കുന്ന  ഭരണാധികാരിയെ അവർ ഒരുവേള വിട്ടുവീഴ്ചയോടെ, കാരുണ്യത്തോടെ  നോക്കിയെന്നിരിക്കും; തിരിച്ചടിയ്ക്കു സമയമാകുന്നതുവരെ. കാൽശരായിയും പാപ്പാസുമണിഞ്ഞെത്തിയ വിദഗ്ധരുടെ എക്സൽ ഷീറ്റുകളുടെമേൽ പരുക്കൻ തഴപ്പായ വിരിച്ചവരിരിക്കും, കണക്കു ചോദിക്കാൻ. അധികമൊന്നും വേണ്ട, ഓരോ കളത്തിലും മുൻപുള്ള കളത്തിൽ വച്ചതിന്റെ ഇരട്ടി നെന്മണി മാത്രം മതിയെന്ന ലളിതമായ ആവശ്യമേ അവർക്കുണ്ടാകൂ.  

എന്നെ ആശങ്കപ്പെടുത്തുന്നത് മറ്റൊരു കൂട്ടരാണ്: മാധ്യമങ്ങൾ. മറ്റൊരവസ്‌ഥയാണ്: അവരുടെ ഭയപ്പെടുത്തുന്ന നിശ്ശബ്ദത. ഒരു ചോദ്യം പോലും ചോദിക്കപ്പെടുന്നില്ല; ഒരു സംശയം പോലും ഉന്നയിക്കപ്പെടുന്നില്ല, ഒരന്വേഷണം പോലും നടക്കുന്നില്ല. നുണകളുടെ ഘോഷയാത്രയ്ക്ക് അകമ്പടി പാടുകയാണവർ മിക്കവാറും പേർ.

അല്ലെങ്കിൽ നോക്കൂ, എന്തൊക്കെയായിരുന്നു നോട്ടുനിരോധനം നടപ്പാക്കുമ്പോൾ ലക്‌ഷ്യം,ആയി പറഞ്ഞിരുന്നത്? കള്ളപ്പണം പിടിക്കൽ, കള്ളനോട്ടു നിർമ്മാർജ്ജനം, ഭീകരപ്രവർത്തനം, നക്സലുകളെ ഒതുക്കൽ. എന്തായി? ആരെങ്കിലും പറഞ്ഞോ? ഞാൻ കേട്ടില്ല. ആരെങ്കിലും ചോദിച്ചോ? അതും കേട്ടില്ല. ഞാനും ചോദിച്ചില്ല. ചോദിക്കാതെ, പറയാതെ നമ്മൾ ചിലതൊക്കെ കേൾക്കുന്നു. അത്രമാത്രം.  

അത്രമാത്രമോ? അല്ല. ഈ വിഷയങ്ങളിലും കനമുള്ള മൗനം നിറയുമ്പോഴും പത്രങ്ങളിലും ചാനലുകളിലും വാർത്തകൾ സൃഷ്ടിക്കപ്പെടുന്നു. അവയ്ക്കു പിറകെ ചർച്ചകൾ സംഘടിപ്പിക്കപ്പെടുന്നു. ഒക്കെ നല്ലതിനാണെന്നു കരുതി നമ്മൾ കാത്തിരിക്കുന്നു. അല്ലെങ്കിൽ അവതാരകനെ കുറച്ചു ചീത്ത വിളിക്കുന്നു. കാക്കത്തൊള്ളായിരം പത്രങ്ങളിൽ ഏതിലെങ്കിലുമൊക്കെ വരുന്ന പരമാബദ്ധങ്ങളെപ്പറ്റി പത്രത്തെയും/ചാനലിനെ, അതിന്റെ മുതലാളിയെ നമ്മൾ കീറിമുറിക്കുന്നു. കഴിഞ്ഞു. സുഖം.

നരേന്ദ്രമോദി ചെയ്യുന്ന കാര്യങ്ങൾ ചർച്ച ചെയ്യേണ്ട നമ്മൾ പകരം അർണബ് ഗോസ്വാമി ചെയ്യുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നു. ഒരു മരണം നടന്നു മൂന്നര വർഷ കഴിയുമ്പോൾ അതിൽ സത്യം ഇനിയും പുറത്തുവരാത്തതെന്ത്  എന്ന ചോദ്യത്തിന് അതിനു ആദ്യത്തെ അരക്കൊല്ലം അധികാരത്തിലിരുന്ന ഭരണാധികാരിയോട് ചോദിക്കണം എന്നുപറഞ്ഞു അയാൾ കുതറിയോടുന്നു. നമ്മൾ ആ ഓട്ടത്തെ കുറ്റപ്പെടുത്തുന്നു.    

മാധ്യമങ്ങൾക്കു സമൂഹത്തിന്റെ അജണ്ട സൃഷ്ടിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. പക്ഷെ വ്യാജ അജണ്ട നിർമ്മാണത്തിന് കൂട്ടുനിൽക്കാൻ, ശരിയായ അജണ്ടയെ ഒളിപ്പിച്ചുവയ്ക്കാൻ അതിനു കഴിയും. അവർ നിശ്ശബ്ദരാകുമ്പോഴും ഒച്ചവയ്ക്കുമ്പോഴും നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു.

അജണ്ട സൃഷ്ടിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനു കാവൽ നിൽക്കുന്ന നായ്ക്കളാണ് മാധ്യമങ്ങൾ. ആ സൃഷ്ടിക്കുള്ള അസംസ്കൃത വസ്തുക്കൾ സംഘടിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തമുള്ള വേലക്കാരും. അവർ ആ ജോലി ചെയ്യുന്നില്ല എന്നത് നമ്മളെ അസ്വസ്‌ഥരാക്കേണ്ടതാണ്. ചില വഷളൻ വക്രീകരണങ്ങളെ വക്കീലന്മാരെക്കൊണ്ട് തല്ലിച്ച് എല്ലാം ശരിയാക്കാം എന്ന് കരുതുന്ന ശുദ്ധ മനുഷ്യരോടല്ല ഞാനിതു പറയുന്നത്.    

ചോദ്യങ്ങൾ ചോദിക്കാനുള്ള ഇടം, ചോദ്യങ്ങളും, നമ്മൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.