Sunday, May 15, 2016

എന്തുകൊണ്ട് ഇടതുപക്ഷം

1.
അറുപത് വർഷം എന്നത് ഒരു രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ ചരിത്രത്തിൽ വളരെ നീണ്ട ഒരു കാലയളവല്ല. മനുഷ്യരുടെ ദുരിതത്തിന് പൂർണ്ണമായും അറുതി വരുത്തുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തിന് പ്രശ്നത്തിന്റെ അരികുകൾ പരിഹരിക്കാൻ മാത്രം മതിയാകുന്ന കാലയളവാണ് ഇത്. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് സ്കാൻഡിനേവിയൻ രാജ്യങ്ങൾ പോലും താരതമ്യേന മെച്ചപ്പെട്ട ജീവിതം മിക്കവാറും മനുഷ്യർക്ക്‌ ഉറപ്പു വരുത്തുന്നത്.

അത്യപൂർവ്വമായ കാലവസ്ഥയാൽ അനുഗ്രഹിക്കപ്പെട്ട നാടാണ് കേരളം. എങ്കിലും ഭൂരിപക്ഷം മനുഷ്യരുടെ ദുരിതത്തിനോ നിത്യജീവിതത്തിലെ അനിശ്ചിതാവസ്ഥയ്ക്കോ രണ്ടു നൂറ്റാണ്ടു മുൻപുവരെ ലോകത്തെങ്ങുമുള്ള മറ്റു ദരിദ്ര ജനവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇവിടെയും കാര്യമായ വ്യത്യാസമുണ്ടായിരുന്നില്ല. ജനാധിപത്യ-സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളുടെയും മറ്റനേകം ഘടകങ്ങളുടെയും ഫലമായി ഈ നാട് കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ കുറെയേറെ മെച്ചപ്പെട്ടു. ആ പുരോഗതിയുടെ ആക്കം കൂടിയതും ഭൂരിപക്ഷം മനുഷ്യര്ക്കും അതിന്റെ പ്രയോജനം ലഭിച്ചു തുടങ്ങിയതും ജനാധിപത്യ ഭരണക്രമം സ്ഥാപിക്കപ്പെട്ടതിനു ശേഷമാണ്.

2.
മഹാത്മാഗാന്ധിയെ ഏറ്റവും സ്വാധീനിച്ച പുസ്തകങ്ങളിൽ ഒന്നാണു ജോൺ റസ്കിൻ എഴുതിയ Unto This last എന്ന പുസ്തകം. കൂലിക്കാരെ തെരഞ്ഞു തെരുവിലെത്തിയ ഒരു വീട്ടുകാരന്റെ കഥ പറയുന്ന ബൈബിൾ കഥയാണ്‌ ആ പുസ്തകത്തിന്റെ ആധാരം. ഒരു നാണയം കൂലിയ്ക്കാണ് അയാൾ രാവിലെ പണിക്കാരനെ വിളിച്ചത്. പിന്നീട് മൂന്നു മണിക്കൂർ ഇടവിട്ട്‌ അയാൾ രണ്ടുപ്രാവശ്യം കൂടി പണിക്കാരെ വിളിച്ചു; കൂലി ഒരു നാണയം തന്നെ. 

വൈകുന്നേരമായപ്പോൾ അയാൾ കൂലികൊടുക്കാൻ പണിക്കാരെ വിളിച്ചു. അവസാനത്തെ ആളെ ആദ്യം വിളിച്ചു, ഒരു നാണയം കൂലി കൊടുത്തു. അപ്പോൾ മറ്റുള്ളവർ പ്രതീക്ഷിച്ചു തങ്ങൾ കൂടുതൽ ജോലി ചെയ്തു അതിനാൽ തങ്ങൾക്കു കൂടുതൽ കൂലി ലഭിക്കും എന്ന്. എന്നാൽ വീട്ടുകാരൻ എല്ലാവര്ക്കും ഒരു നാണയം തന്നെ കൊടുത്തു.

ആദ്യം വന്നയാൾ പിറുപിറുത്തു: അവസാനം വന്ന ഇവർ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ; എന്നിട്ടും പകലിന്റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ. വീട്ടുകാരന്റെ മറുപടി ഇതായിരുന്നു: "സ്‌നേഹിതാ, ഞാൻ നിന്നോട് ഒരനീതിയുംചെയ്യുന്നില്ല. ഒരു നാണയത്തിനല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്? നിനക്ക് അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്‍കിയതുപോലെതന്നെ കൊടുക്കാനാണ് എനിക്കിഷ്ടം. എന്റെ വസ്തുവകകള്‍കൊണ്ട് എനിക്കിഷ്ടമുള്ളതു ചെയ്യാൻ പാടില്ലെന്നോ? ഞാൻ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു?"

പ്രത്യക്ഷത്തിൽ അനീതി എന്ന് തോന്നാവുന്ന, മെറിറ്റൊക്രസിയെ നിരാകരിക്കുന്ന, പൊതുബോധത്തെ തലകുത്തി നിർത്തുന്ന ഒരു തീരുമാനമാണ് വീട്ടുകാരന്റെത്, പക്ഷെ അവസാനത്തെയാൾക്കും വരെ ജീവിക്കാനവകാശമുണ്ടെന്നും സാധ്യതകൾ ലഭിക്കുന്നവർക്കും അതുപയോഗിക്കുന്നവർക്കും മാത്രമല്ല, സാധ്യതകൾ കിട്ടാത്തവർക്കും ഈ ലോകത്ത് അന്തസായി ജീവിക്കാനുള്ള അവകാശമുണ്ടെന്നുമുള്ള ഒരു നീതിശാസ്ത്രമാണ് അയാൾ മുന്നോട്ടുവയ്കുന്നത്. ഒരു പക്ഷെ സാമൂഹ്യനീതി എന്ന് നമ്മൾ വിളിക്കുന്ന പ്രതിഭാസത്തിന്റെ യുക്തിപൂർവ്വമായ വിശദീകരണം. 

അവസാനത്തെയാൾക്കും നീതി ലഭിക്കുക എന്നതായിരിക്കണം ഓരോ ഭരണകൂടത്തിന്റെയും ലക്ഷ്യം. അത് ഒരു സുപ്രഭാതത്തിൽ നടക്കില്ല. സമ്പത്തിന്റെ പുനക്രമീകരണം, അവസരങ്ങളുടെ ലഭ്യത എന്നിവയൊന്നും ഉടനടി വിപ്ലവങ്ങൾകൊണ്ട്  സാധ്യമാകില്ല എന്നതിന് ചരിത്രം സാക്ഷി. വളരെ സാവധാനത്തിലുള്ള, പലപ്പോഴും വേദനാജനകമായ ഒരു ജനാധിപത്യപ്രക്രിയയാണത്, ഒരുപക്ഷെ നിരാശാജനകവും  നിരാശാജനകവും. പക്ഷെ അതല്ലാതെ മെച്ചപ്പെട്ട മറ്റൊരു മാർഗ്ഗം ചരിത്രത്തിൽനിന്നും എനിക്ക് കണ്ടെടുക്കാൻ പറ്റുന്നില്ല.

കഴിഞ്ഞ ആറു പതിറ്റാണ്ട് കാലം കേരളം ഭരിച്ചവർ ഇക്കാര്യത്തിൽ കാര്യമായ പുരോഗതി നേടിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ചില വലിയ കാൽവയ്പ്പുകൾ നമ്മൾ നടത്തി. ചിലത് അവയുടെ പ്രാഥമിക ലക്‌ഷ്യം നേടി, ചിലവ അപൂർണ്ണമായി തുടരുന്നു. തിരിഞ്ഞു നോക്കുമ്പോൾ എല്ലാവർക്കും കാഴ്ച 20/20 ആണ് എന്നൊരു തമാശയുണ്ട്.     ദളിതന് പത്തു സെന്റ്‌ കൊടുത്ത് അവരെ പറ്റിച്ചില്ലേ എന്ന് ഇന്ന്, 40 വർഷങ്ങൾക്കു ശേഷം, നോക്കുമ്പോൾ ന്യായമായും തോന്നാം.  കർഷകത്തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയാൽ എല്ലാമായൊ? നെൽവയൽ നീര്ത്തട സംരക്ഷണ നിയമം കൊണ്ട് വന്നിട്ട് അതിന്റെ ഉദ്ദേശ്യം മുഴുവൻ സാധിച്ചോ എന്ന് ചോദിക്കാം. 

ഇല്ല, എങ്കിലും അത്രയുമായി എന്നാണ് എന്റെ ഉത്തരം. 

3. 
കേരളത്തിൽ ഇക്കാലമത്രയും ഭരണം നടത്തിയ പാർട്ടികൾ എല്ലാവരും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്, മാറി മാറി ഭരിച്ചവരാണ്. അതുകൊണ്ടുതന്നെ ഇക്കാലം കൊണ്ട് കേരളം നേടിയ നേട്ടങ്ങൾക്കും ഗുണദോഷങ്ങൾക്ക് രണ്ടു കൂട്ടരും ഉത്തരവാദികളാണ്. 
ഭൂപരിഷകരണ നിയമം, വിദ്യാഭ്യാസ ബന്ധ നിയമം, നെൽവയൽ നീർത്തട സംരക്ഷണ നിയമം എന്ന് തുടങ്ങി കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ നിയമ നിർമ്മാണങ്ങൾക്കും കര്ഷകത്തൊഴിലാളി പെൻഷൻ, മാവേലി സ്റ്റോർ തുടങ്ങിയ നടപടികൾക്കും നേതൃത്വം നല്കിയ ഇടതു പക്ഷ പാർട്ടികൾക്ക് ഇതിൽ വലിയൊരു പങ്കിന്റെ ഉടമസ്ഥാവകാശം ഉണ്ട്; വൻകിട സ്ഥാപനങ്ങളും സംരംഭങ്ങളും തുടങ്ങിവയ്ക്കുകയോ പൂര്ത്തീകരിക്കുകയോ ചെയ്ത കോൺഗ്രസിനും അവരുടെതായ റോൾ ഉണ്ട്.

എന്നാൽ അവസാനത്തെ ആളിനെയും കരുതാൻ ഉത്തരവാദിത്തമുള്ള ഭരണകൂടങ്ങൾക്ക് അതിനു കഴിഞ്ഞില്ല എങ്കിൽ അതിനു നടത്തിയ ശ്രമത്തിൽ അയാൾക്ക് ഗുണമുണ്ടായില്ല എങ്കിൽ അത് ഭരണകൂടത്തിന്റെ വീഴ്ചയാണ്; ആ വീഴ്ച തുറന്നു കാണിക്കപ്പെടെണ്ടതാണ്, എതിർക്കപ്പെടെണ്ടതാണ്.

അതുകൊണ്ടുതന്നെ കേരളത്തിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്ന ബി ജെ പിയും സംഘ് പരിവാറും ഈ വീഴ്ചകൾ രാഷ്ട്രീയമായി ഉപയോഗിക്കുക എന്നത് വളരെ ന്യായമായ രാഷ്ട്രീയ പ്രവർത്തനമാണ്. പക്ഷെ നിർഭാഗ്യവശാൽ അവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അതല്ല. ഭരണകൂടവീഴ്ച്ചകളെ രാഷ്ട്രീയമായല്ല, മതപരവും സാമുദായികവുമായി ചിത്രീകരിച്ച് സമൂഹത്തെ വിഭജിക്കുക അങ്ങിനെ എളുപ്പം നേട്ടമുണ്ടാക്കുക എന്ന അപകടകരമായ പ്രവർത്തനമാണ് ഇപ്പോൾ പരിവാർ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. സമൂഹത്തുഇലെ ഓരോ ചലനവും സാമുദായികമായി വിലയിരുത്തപ്പെടുന്നു, ഓരോ മനുഷ്യന്റെയും പ്രാഥമിക സ്വത്വം അയാളുടെ മതം/സമുദായം ആകുന്നു,.

അതിന്റെ ഫലം ഭീതിജനകമാണ്: അഴുക്കു ചാലിലെ ഒഴുക്കിൽപ്പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ജീവൻ വെടിഞ്ഞ മറ്റൊരു തൊഴിലാളിയ്ക്ക് സർക്കാർ  നല്കിമെന്നു പ്രഖ്യാപിച്ച ആശ്വാസത്തെ സാമുദായികമായി ചിത്രീകരിക്കപ്പെട്ട നാട് മാത്രമല്ല കേരളം ഇപ്പോൾ, അങ്ങിനെ ചിത്രീകരിച്ചതിനെ പരസ്യമായി ന്യായീകരിക്കുന്ന ആളുകൾ ധാരാളമുള്ള നാടുകൂടെയാണ്. 

സമുദായ പാർട്ടികൾക്ക് ഭരണത്തിൽ പ്രാമാണ്യം നൽകിയും സമുദായ പ്രീണനം എന്ന് വ്യാഖ്യാനിക്കാവുന്ന പ്രവർത്തനങ്ങൾ മത്സരിച്ച് നടത്തിയും കൊച്ചു കൊച്ചു രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ബി ജെ പി യുടെ ഈ അധമരാഷ്ട്രീയ പ്രവർത്തനത്തിന് ഊർജ്ജം നൽകുന്നത് പ്രധാനമായും യു ഡി എഫാണ്. അരുവിക്കരയിലെ മത്സരത്തിൽ ബി ജെ പി യാണ് മുഖ്യ എതിരാളി എന്ന അപകടകരമായ പ്രസ്താവന ഉമ്മൻ ചാണ്ടി നടത്തിയതു ബി ജെ പി യുടെ വർഗീയ രാഷ്ട്രീയത്തിന് നല്കിയ ഉന്മേഷം ചെറുതല്ല. അതേ കൌശലം അദ്ദേഹം ഈ തെരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നതു കണ്ടു.   

ഈ തെരഞ്ഞെടുപ്പിൽ യു ഡി എഫ് - എല് ഡി എഫ് സർക്കാറുകൾ അധികാരത്തിൽ വന്നാൽ എന്ത് സംഭവിക്കും എന്ന് ഞാൻ ആലോചിക്കാറുണ്ട്.

യു ഡി എഫ് വന്നാൽ:

സമുദായ പാർട്ടികൾക്ക് സര്ക്കാരിന്റെമേലുള്ള സ്വാധീനം ഇതിലും പതിന്മടങ്ങാകും. ഓരോ തീരുമാനവും ഇതിലുമധികം സാമുദായികമായി വ്യാഖ്യാനിക്കപ്പെടും. ഓരോ നടപടിയും വർഗീയതയ്ക്ക് വളമാകും.ഓരോ പൗരനും അയാളുടെ കേവല മത സ്വത്ത്വത്തിന്റെ അടിസ്ഥാനത്തിൽ അളക്കപ്പെടുക എന്ന ഭീഷണമായ അവസ്ഥ കേരളത്തിലുണ്ടാകും. ബി ജെ പി യുടെ വർഗീയ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണ് സൃഷ്ടിക്കപ്പെടും. ഇടതുപക്ഷത്തിന്റെ നയങ്ങളുടെ നിലനില്പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും.

എൽ ഡി എഫ് വന്നാൽ:
മത-സാമുദായിക സമ്മർദ്ദങ്ങൾ കുറയും; ബാക്കിയുള്ളവയെ ചെറുത്തുനില്ക്കാൻ പൊതുസമൂഹത്തിന്റെ സഹായത്തോടെ ഇടതുപക്ഷത്തിന് കഴിയും.
ഇടതുപക്ഷ സർക്കാർ സ്വാഭാവികമായി നടത്തുന്ന പ്രവർത്തനങ്ങൾ പോലും പുരോഗതിയുടെ ഗുണഫലങ്ങൾ അവസാനത്തെയാളിലും എത്തിക്കാനുള്ള വഴിയാകും. വീഴ്ചകൾ തിരുത്താനും പ്രവർത്തനങ്ങളുടെ അക്കൌന്ടബിലിട്ടി നിലനിർത്താനും ഇടതുപക്ഷം നിർബന്ധിതമാകും.
സംഘ് പരിവാർ സംഘടനകള്ക്ക് അവരുടെ വർഗീയ-വിഭാഗീയ മുദ്രാവാക്യങ്ങൾക്ക് വേരുപിടിക്കാനുള്ള അന്തരീക്ഷം ഇല്ലാതാകും; അവർക്ക് പിടിച്ചു നിൽക്കണമെങ്കിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ തന്നെ വേണ്ടിവരുംഎന്ന നില വരും.

ഇതിന്റെയർത്ഥം ഇടതുപക്ഷം വന്നാൽ എല്ലാം ശരിയാകും എന്നല്ല. അങ്ങിനെയൊരു വിശ്വാസവും എനിക്കില്ല. പക്ഷെ നമ്മുടെ നാടിനെ അപകടകരമായ സാമുദായിക-മത വിഭജനത്തിലെയ്ക്ക് നയിക്കുന്ന തരത്തിലുള്ള നയങ്ങളും സമീപനങ്ങളും ഇടതുപക്ഷം പിന്തുടരാൻ സാധ്യതയില്ല. വർഗീയ രാഷ്ട്രീയത്തിനായി അവർ ഈ നാടിന്റെ മണ്ണ് ഉഴുതു മറിച്ചു കൊടുക്കില്ലഎന്നാണു എന്റെ പ്രതീക്ഷ.

4.
അവസാനത്തെ മനുഷ്യനും നീതിയുറപ്പിക്കാനുള്ള ഉത്തരവാദിത്തം ഓരോ ഭരണകൂടത്തിനുമുണ്ട്. അത് പക്ഷെ ഒരു നീണ്ട പ്രക്രിയയാണ്. അതിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം. പക്ഷെ അതിന്റെ പേരിൽ, എലിയെ കൊല്ലാനായി ഇല്ലം ചുടേണ്ട ആവശ്യമില്ല എന്നാണ് എന്റെ പക്ഷം. ശരിയായ രാഷ്ട്രീയത്തിന് പരിഹരിക്കാനാവുന്ന പ്രശ്നങ്ങളെ കേരളത്തിനുള്ളൂ. 

അവയെ വഷളാക്കാതിരുന്നാൽ മതി. 
അത്രയൊക്കെയേ വേണ്ടൂ താനും.

അതാണ്‌ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം

1 comment:

Unni said...

Dear KJ
I am really doubtful about the reachability of such a wonderful observation to the public. Why u cant post this to your FB page and explore the possibilities of reaching to maximum people where 1000s of readers plus its sharing and such multiple possibilities so on ....