Thursday, May 11, 2017

ഗോസ്വാമി ഓലിയിടുമ്പോൾ


സ്റ്റെയ്റ്റ് ബാങ്കിന്റെ രാവിലത്തെ സർക്കുലർ കണ്ടു അന്തംവിട്ടുനിൽക്കുമ്പോഴാണ് ഒരു സുഹൃത്ത് വിളിച്ചത്. ഇത് ബാങ്കിന്റെ ബിസിനസിനെ ബാധിക്കില്ലേ എന്ന സംശയം ഞങ്ങൾ പരസ്പരം പറഞ്ഞു. "നിങ്ങൾക്കെന്താണ് തോന്നുന്നത്, അങ്ങിനെ ഒരു ബാങ്ക് ചെയ്യുമോ?," സുഹൃത്ത് എന്നോട് ചോദിച്ചു.

സാധാരണ ഗതിയിൽ ഉത്തരം നെഗറ്റിവാകേണ്ടതാണ്. ഇത്രയധികം വലിയ, ഇത്രയധികം മനുഷ്യജീവിതങ്ങളുടെ ഭാഗമായ, ഇത്രയധികം ഭാവിയിലേക്ക് നോക്കിയിരിക്കുന്ന ഒരു ബാങ്കിന്റെ അധികാരികൾ ആത്മഹത്യാപരമായ തീരുമാനം എടുക്കുമോ? 'ഇല്ല' എന്ന ഉത്തരമാണ് സ്വാഭാവികമായും എന്റെ നാക്കിൽനിന്നും അപ്പോൾത്തന്നെ വരേണ്ടത്.

പക്ഷെ അങ്ങിനെയൊരു ഉത്തരം പറയാൻ എനിക്ക് കഴിഞ്ഞില്ല. കാരണം എനിക്ക് പല സംവിധാനങ്ങളെയും പഴയപോലെ വിശ്വാസമില്ല. ഒരു വാണിജ്യബാങ്ക് മാത്രമായ സ്റ്റെയ്റ്റ് ബാങ്കിനേക്കാൾ എത്രയോ  പ്രൊഫഷണലായ, നിയമത്താൽത്തന്നെ സ്വയംഭരണാവകാശമുള്ള, ലോകത്തിലെ മികച്ച കേന്ദ്രബാങ്കുകളിലൊന്നായ ഇന്ത്യൻ റിസർവ്വ് ബാങ്കിന്റെയും ഇന്ത്യയിലെ തന്നെ മെച്ചപ്പെട്ട ഭരണ സംവിധാനമുള്ള ധനകാര്യ വകുപ്പിന്റെയും തീരുമാനമെടുക്കാൻ പ്രക്രിയയെ വിശ്വസിച്ചാണ് ഞാൻ നോട്ടുപിൻവലിക്കൽ തീരുമാനത്തെ ആദ്യം അനുകൂലിച്ചത്. പക്ഷെ അവരെയെല്ലാം നോക്കുകുത്തികളായി  നിർത്തി ഭരണകൂടം എടുത്ത തീരുമാനമാണ് എന്ന് പിന്നീട് മനസിലായി.

എത്രയോ അവധാനതയോടെ മാത്രം തീരുമാനമെടുക്കുന്ന, മൊത്തതിൽ ബഹുമാനിക്കപ്പെടുന്ന സംവിധാനങ്ങളെ തൃണവൽക്കരിക്കാൻ കഴിഞ്ഞ ഭരണകൂടത്തിന് എസ് ബി ഐ യെ വന്ധ്യംകരിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.അതുകൊണ്ടുതന്നെ ആ ചോദ്യത്തിനുള്ള ഉത്തരം എളുപ്പമായിരിക്കില്ല.

***
ഇത്തരമൊരു ആശയപ്രതിസന്ധി എങ്ങിനെ എന്നെ ബാധിച്ചു എന്നത് എനിക്കൊരു പ്രശ്നമാണ്. എനിക്കതിനൊരു മറുപടിയെ ഉള്ളൂ: എന്നെ ദുര്ബലനാക്കുന്നത് ഭരണകൂടത്തിന്റെ ആക്രാന്തമല്ല. ഒരു ഭരണകൂടത്തിനും അനന്തകാലം ദുർഭരണം നടത്താനാകില്ല എന്ന കാര്യത്തിൽ എനിക്കിപ്പോഴും സംശയമില്ല; ഭരിക്കപ്പെടുന്നവർ സമ്മതിച്ചില്ല എങ്കിൽ.  

ഇന്ത്യയിലെ സാധാരണ മനുഷ്യരെക്കുറിച്ച് എനിക്ക് സംശയമില്ല. നിത്യജീവിതത്തിലെ ദുരിതങ്ങൾക്കുമേൽ ചായം പൂശിക്കൊടുക്കുന്ന  ഭരണാധികാരിയെ അവർ ഒരുവേള വിട്ടുവീഴ്ചയോടെ, കാരുണ്യത്തോടെ  നോക്കിയെന്നിരിക്കും; തിരിച്ചടിയ്ക്കു സമയമാകുന്നതുവരെ. കാൽശരായിയും പാപ്പാസുമണിഞ്ഞെത്തിയ വിദഗ്ധരുടെ എക്സൽ ഷീറ്റുകളുടെമേൽ പരുക്കൻ തഴപ്പായ വിരിച്ചവരിരിക്കും, കണക്കു ചോദിക്കാൻ. അധികമൊന്നും വേണ്ട, ഓരോ കളത്തിലും മുൻപുള്ള കളത്തിൽ വച്ചതിന്റെ ഇരട്ടി നെന്മണി മാത്രം മതിയെന്ന ലളിതമായ ആവശ്യമേ അവർക്കുണ്ടാകൂ.  

എന്നെ ആശങ്കപ്പെടുത്തുന്നത് മറ്റൊരു കൂട്ടരാണ്: മാധ്യമങ്ങൾ. മറ്റൊരവസ്‌ഥയാണ്: അവരുടെ ഭയപ്പെടുത്തുന്ന നിശ്ശബ്ദത. ഒരു ചോദ്യം പോലും ചോദിക്കപ്പെടുന്നില്ല; ഒരു സംശയം പോലും ഉന്നയിക്കപ്പെടുന്നില്ല, ഒരന്വേഷണം പോലും നടക്കുന്നില്ല. നുണകളുടെ ഘോഷയാത്രയ്ക്ക് അകമ്പടി പാടുകയാണവർ മിക്കവാറും പേർ.

അല്ലെങ്കിൽ നോക്കൂ, എന്തൊക്കെയായിരുന്നു നോട്ടുനിരോധനം നടപ്പാക്കുമ്പോൾ ലക്‌ഷ്യം,ആയി പറഞ്ഞിരുന്നത്? കള്ളപ്പണം പിടിക്കൽ, കള്ളനോട്ടു നിർമ്മാർജ്ജനം, ഭീകരപ്രവർത്തനം, നക്സലുകളെ ഒതുക്കൽ. എന്തായി? ആരെങ്കിലും പറഞ്ഞോ? ഞാൻ കേട്ടില്ല. ആരെങ്കിലും ചോദിച്ചോ? അതും കേട്ടില്ല. ഞാനും ചോദിച്ചില്ല. ചോദിക്കാതെ, പറയാതെ നമ്മൾ ചിലതൊക്കെ കേൾക്കുന്നു. അത്രമാത്രം.  

അത്രമാത്രമോ? അല്ല. ഈ വിഷയങ്ങളിലും കനമുള്ള മൗനം നിറയുമ്പോഴും പത്രങ്ങളിലും ചാനലുകളിലും വാർത്തകൾ സൃഷ്ടിക്കപ്പെടുന്നു. അവയ്ക്കു പിറകെ ചർച്ചകൾ സംഘടിപ്പിക്കപ്പെടുന്നു. ഒക്കെ നല്ലതിനാണെന്നു കരുതി നമ്മൾ കാത്തിരിക്കുന്നു. അല്ലെങ്കിൽ അവതാരകനെ കുറച്ചു ചീത്ത വിളിക്കുന്നു. കാക്കത്തൊള്ളായിരം പത്രങ്ങളിൽ ഏതിലെങ്കിലുമൊക്കെ വരുന്ന പരമാബദ്ധങ്ങളെപ്പറ്റി പത്രത്തെയും/ചാനലിനെ, അതിന്റെ മുതലാളിയെ നമ്മൾ കീറിമുറിക്കുന്നു. കഴിഞ്ഞു. സുഖം.

നരേന്ദ്രമോദി ചെയ്യുന്ന കാര്യങ്ങൾ ചർച്ച ചെയ്യേണ്ട നമ്മൾ പകരം അർണബ് ഗോസ്വാമി ചെയ്യുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നു. ഒരു മരണം നടന്നു മൂന്നര വർഷ കഴിയുമ്പോൾ അതിൽ സത്യം ഇനിയും പുറത്തുവരാത്തതെന്ത്  എന്ന ചോദ്യത്തിന് അതിനു ആദ്യത്തെ അരക്കൊല്ലം അധികാരത്തിലിരുന്ന ഭരണാധികാരിയോട് ചോദിക്കണം എന്നുപറഞ്ഞു അയാൾ കുതറിയോടുന്നു. നമ്മൾ ആ ഓട്ടത്തെ കുറ്റപ്പെടുത്തുന്നു.    

മാധ്യമങ്ങൾക്കു സമൂഹത്തിന്റെ അജണ്ട സൃഷ്ടിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. പക്ഷെ വ്യാജ അജണ്ട നിർമ്മാണത്തിന് കൂട്ടുനിൽക്കാൻ, ശരിയായ അജണ്ടയെ ഒളിപ്പിച്ചുവയ്ക്കാൻ അതിനു കഴിയും. അവർ നിശ്ശബ്ദരാകുമ്പോഴും ഒച്ചവയ്ക്കുമ്പോഴും നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു.

അജണ്ട സൃഷ്ടിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനു കാവൽ നിൽക്കുന്ന നായ്ക്കളാണ് മാധ്യമങ്ങൾ. ആ സൃഷ്ടിക്കുള്ള അസംസ്കൃത വസ്തുക്കൾ സംഘടിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തമുള്ള വേലക്കാരും. അവർ ആ ജോലി ചെയ്യുന്നില്ല എന്നത് നമ്മളെ അസ്വസ്‌ഥരാക്കേണ്ടതാണ്. ചില വഷളൻ വക്രീകരണങ്ങളെ വക്കീലന്മാരെക്കൊണ്ട് തല്ലിച്ച് എല്ലാം ശരിയാക്കാം എന്ന് കരുതുന്ന ശുദ്ധ മനുഷ്യരോടല്ല ഞാനിതു പറയുന്നത്.    

ചോദ്യങ്ങൾ ചോദിക്കാനുള്ള ഇടം, ചോദ്യങ്ങളും, നമ്മൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

10 comments:

p.p.m Ali said...

Candid and accurate. Indian media recently has been successfully turning the public discourse and takes away the public attention from real people issues to the set agenda of their choice, Certain media has been bought by influential especially the PM an their party."Cowswaami" is playing the game of Nationalism which has high sell value these days and other news organizations are desperately trying to compete with him through more of such news. In US, the right wing hardliners are blaming the media not for paid news,hidden agenda or corruption but for "sidelining with liberals" and through constant attacks on media, they were able to spread the propaganda of "every news is fake news" saga and put forward the term " alternative facts" to spread their lies instead of facts. I guess, European news outlets are also resisting the right wing extremist's agenda and it was evident when the media closed their eye to the Le Pen's and Russian's attempt to sabotage the outcome of election through a fake news on the eve of election day.

Umesh::ഉമേഷ് said...

ഇവിടെവിടേയ്യോ പൂച്ച പെറ്റു കിടക്കുന്നു എന്നു കേട്ടിട്ടു വന്നതാ...

Pramod Sarangi Purathur said...

Well said

Krishnan said...

"If you can't convince them, confuse them."

Journalists like KJ Jacob are true followers of the above quote. One wonders whether it is due to their political ideology or some hidden agenda. Let's take yesterday's outcry on SBI Service Charges.

Initial Circular(Notes to be precise) talks about Rs. 25 per Cash out through ATM for every transactions. Outrageous ! But wait, SAME circular says 4 free transactions in the next page. Basic Journalism principle says 'go get the facts first' , but journalists like Jacob preferred to milk a controversy out of it. Interesting thing is that another lesser known Malayalam daily (Kerala Kaumudi) clarified it by 11 am. Forget talking to senior SBI officials, if any journo had compared this with the previous circular(April), one would have got the idea that this refers to SBI Buddy. Anyway SBI clarified the same by evening. Till then some national reports said 'Outcry from Kerala', Last time I checked, SBI was the banker to whole country not just Kerala (Political ideology & agenda played their part). Some minions then raised another conspiracy - "SBI Buddy ATM cash out facility is not functional". Relax, it is going Live by June 1. For those propaganda journalists who say 'public outcry' forced SBI to withdraw the circular. Well, no circular was withdrawn, but only clarified that this Rs. 25 charge is applicable to SBI Buddy.

By Night Someone forwarded a Marunadan Malayali article to us where Jacob lists the possible reasons for the service charges. Everyone had a good laugh reading the conspiracy theories, LMAO. Anyway Jacob, It's time for you to look up on the mirror again before pointing the fingers at others. We had some respect for you earlier but now you are turning out to be just another propaganda journalist. SAD !

Manikandan said...

കഴിഞ്ഞ മൂന്നു വർഷക്കാലത്ത് കേന്ദ്രസർക്കാർ എടുത്ത തീരുമാനങ്ങൾ ശരിയോ തെറ്റോ എന്ന് വിശകലനം ചെയ്യാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടോ ഇല്ലയോ എന്നത് നോക്കിയാൽ പോരെ. നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കും എന്ന് പലരും പ്രവചിച്ചു. ആ രീതിയിൽ പല ചർച്ചകളും നടന്നു. എന്നിട്ട് ഇപ്പോൾ എന്താണ് അവസ്ഥ? പലരും പ്രചരിപ്പിച്ചതുപോലെ തകർന്നോ അതോ മെച്ചപ്പെട്ടു വരുന്നോ?

ആത്മഹത്യയോ കൊലപാതകമോ എന്നത് അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും പോലീസാണ്. അതിനു അവരെ സ്വതന്ത്രമായി സത്യസന്ധമായി ജോലിചെയ്യാൻ അനുവദിക്കുക. പലപ്പോളും ആത്മഹത്യകൾ രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കപ്പെടുന്നു. അപ്പോൾ അന്വേഷണ ഏജൻസികൾക്ക് വലിയ സമ്മർദ്ദം നേരിടേണ്ടിവരുന്നില്ലെ? അത് പലപ്പോഴും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ കുറ്റച്ചാർത്തുകൾ തയ്യാറാക്കുന്നതിൽ എത്തുന്നതും അത്തരം കുറ്റച്ചാർത്തുകൾ കോടതികളിൽ / നിയമത്തിന്റെ മുൻപിൽ തെളിവുകളുടെ പിൻബലമില്ലാത്തതിനാൽ തള്ളപ്പെടുന്നതും നാം കാണുന്നതല്ലെ. നിർഭയകേസിനെ മാത്രം അതിൽ ഒരു എക്സെപ്ഷൻ ആയി കാണാം.

K J Jacob said...

if Krishnan reads my post calmly now, he would realise that he barks at the wrong tree. Or he may have been going around pasting similar stuff all over.

K J Jacob said...

മണികണ്ഠൻ,

ഇക്കണോമി താഴ്ന്നുപോയോ ഇല്ലയോ എന്നത് നിങ്ങൾ പറഞ്ഞതുപോലെ പതുക്കെ അറിയാം.

അറിയേണ്ടത് സർക്കാർ പറഞ്ഞ കാര്യങ്ങൾ എന്തായി എന്നാണ്.

എന്തായി കാശ്മീർ?
എന്തായി കള്ളനോട്ട്?
എന്തായി കള്ളപ്പണം?
എന്തായി മാവോയിസ്റ്റുകൾ?

എന്തിനായിരുന്നു നിരോധിച്ചത് എന്ന സത്യസന്ധമായ ഒരു വിശദീകരണം കിട്ടുമോ?

സർക്കാർ ചെയ്തതിനു ഉത്തരം പ്രതിപക്ഷത്തോട് ചോദിക്കുന്ന ലോജിക്ക് കൊള്ളാം

Anonymous said...

നൂറിലേറെ ജീവനുകൾ നേരിട്ട് നഷ്ടമാക്കിയ നോട്ട് നിരോധനം കൊണ്ട് എനിക്ക് ഒന്നും കിട്ടീല നിങ്ങൾക്കോ? മണികണ്ഠാ

Manikandan said...

എന്തിനായിരുന്നു നോട്ട് നിരോധനം? എന്തനേടി ? എന്നൊക്കെ ചോദിച്ചാൽ മാദ്ധ്യമങ്ങൾ വഴിയുള്ള അറിവുമാത്രമേ ഈ വിഷയത്തിൽ എനിക്കും ഉള്ളു. അതിനപ്പുറം എന്തെങ്കിലും പറയാൻ എനിക്കും ഇല്ല. പക്ഷെ നോട്ട് നിരോധനം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കും എന്ന് വിമർശിച്ച സാമ്പത്തിക വിദഗ്ദ്ധർ നിരവധി ഉണ്ടായിരുന്നു. ആ പ്രവചനങ്ങൾ പലതും പാളി എന്നു തന്നെയാണ് നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നത്. 41 ലക്ഷത്തിലധികം നികുതിദായകർ നോട്ട് നിരോധനത്തെ തുടർന്ന് ഉണ്ടായി എന്നൊരു റിപ്പോർട്ട് കണ്ടിരുന്നു. മറ്റുള്ള വിവരങ്ങൾ പിന്നാലെ വരും എന്ന് കരുതുന്നു. ഉദ്ദേശിച്ച ലക്ഷ്യങ്ങൾ പൂർണ്ണമായും കൈവരിക്കാതെ പോയ പദ്ധതികൾ നിരവധിയാണ്. ചിലതെല്ലാം അമ്പേപരാജയപ്പെട്ടവയും ആണ്. എന്നാൽ നോട്ട് നിരോധനം അത്തരത്തിൽ പൂർണ്ണപരാജയം ആയ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

സർക്കാർ ചെയ്തതിനോട് പ്രതിപക്ഷത്തോട് ഉത്തരം ചോദിച്ചത് എന്തായിരുന്നു?

Krishnan said...

Dear Jacob,
Do read the first line of my comment again. You based this post on a 'circular' which was blown out of proportion. And if you are really interested in 'aftereffects' of demonetisation, read the regional forecast report published this week by lesser known mortals of IMF. Your Marunadan Malayali report mentioned in my first comment

http://www.marunadanmalayali.com/opinion/response/kj-jacob-facebook-post-sbi-service-charge-72872