Monday, January 25, 2016

ലളിതാകുമാരിയെന്ന വാൾ

ഭരണഘടനയും നിയമവുമൊക്കെ പലപ്പോഴും എട്ടിലെ പശു ആകുകയും നീതി ദരിദ്രന് നിഷേധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇന്ത്യയിലെമ്പാടുമുണ്ട്. നീതിനിർവ്വഹണത്തിന്റെ ആദ്യ വാതിലായ ആയ പൊലിസ് സ്റ്റേഷനുകൾ തന്നെയാണ് ആദ്യം കൊട്ടിയടയുക. തനിക്കെതിരെ ആക്രമണം നടന്നു എന്നൊരാൾ കഴിയുമെങ്കിൽ പൊലിസ് സ്റ്റേഷനിൽ ചെന്ന് പറയില്ല, കാരണം അപ്പുറത്തുള്ളയാൾ ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്താൻ തയ്യാറായെങ്കിൽ ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലിസ് പലപ്പോഴും തയ്യാറാവില്ല. ദളിതനോ മുസ്ലിമോ പിന്നൊക്കക്കാരനോ ആണെങ്കിൽ പറയുകയും വേണ്ട. പലതരം ഒഴിവുകഴിവുകൾ പറഞ്ഞും അന്വേഷണം നടത്തിയും കാലം കഴിക്കുകയാണ് പതിവ്.
 ലളിതാകുമാരി കേസിൽ ഈ കാര്യമാണ് സുപ്രീം കോടതി പ്രാഥമികമായി പരിഗണിച്ചത്.

 ലളിതാകുമാരി എന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചിലർ തട്ടിക്കൊണ്ടുപോയ കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതിരുന്ന പൊലിസ് നടപടിയ്ക്കെതിരെ ആ പെൺകുട്ടിയുടെ അച്ഛൻ നടത്തിയ നിയമപോരാട്ടത്തിന്റെ ഒടുവിലാണ് ഒരു ഗുരുതര കുറ്റകൃത്യത്തെക്കുറിച്ച് (cognisable offence) അറിവ് ലഭിച്ചാൽ ലഭിച്ചാൽ പൊലിസ് എന്തുചെയ്യണം എന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്‌ സുപ്രധാനമായ വിധി പ്രസ്താവിച്ചത്.

കുറ്റകൃത്യത്തെക്കുറിച്ച് പരാതി കിട്ടിയാൽ പോലീസ് എന്തുചെയ്യണം എന്നത് വിശദീകരിക്കുന്ന ക്രിമിനൽ നടപടിച്ചട്ടം 154-ആം വകുപ്പ് വ്യാഖ്യാനിച്ചാണ് ചീഫ് ജസ്റ്റിസ് പി സതാശിവം അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ 2013 നവംബർ 12-ന്‌ സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് വിവേചനാധികാരം ഉണ്ടോ എന്ന കാര്യം കൂടി കോടതിയുടെ പരിഗണയ്ക്ക് വന്നു.

വിധി ഇതാണ്.

ഒന്ന്: ഗുരുതര കുറ്റകൃത്യം നടന്നു എന്ന വിവരം കിട്ടിയാൽ ഉത്തരവാദപ്പെട്ട പൊലിസ് ഉദ്യോഗസ്ഥൻ നിർബന്ധമായും എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കണം. പ്രാഥമികാന്വേഷണം നടത്താൻ പാടില്ല അക്കാര്യത്തിൽ അയാൾക്ക്‌ വിവേചനാധികാരം ഇല്ല. അങ്ങിനെ ചെയ്തില്ലെങ്കിൽ അയാൾക്കെതിരെ നടപടിയെടുക്കാം.

(Registration of FIR is mandatory under Section 154 of the Code, if the information discloses commission of a cognizable offence and no preliminary inquiry is permissible in such a situation.)

രണ്ട്:  കിട്ടുന്ന വിവരം കൊണ്ട് ഗുരുതരം കുറ്റകൃത്യം നടന്നു എന്ന കാര്യം വെളിവാകുന്നില്ല, കൂടുതൽ അന്വേഷണം ആവശ്യമുണ്ട് എന്ന് വരികിൽ അക്കാര്യം മാത്രം കണ്ടുപിടിക്കാൻ ഒരു പ്രാഥമികാന്വേഷണം ആകാം
("If the information received does not disclose a cognizable offence but indicates the necessity for an inquiry, a preliminary inquiry may be conducted only to ascertain whether cognizable offence is disclosed or not."

പ്രാഥമികാന്വേഷണം: ചില കേസുകളിൽ പ്രാഥമികാന്വേഷണം നടത്താം. പക്ഷെ അത്തരം അന്വേഷണം 7 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. (പിന്നീടത് 45 ദിവസമാക്കി). അതിനുശേഷം എഫ് ഐ ആർ രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാം. രജിസ്റ്റർ ചെയ്യേണ്ട എന്നാണ് തീരുമാനമെങ്കിൽ അക്കാര്യം പരാതിക്കാരനെ അറിയിക്കണം. ഇങ്ങിനെ പ്രാഥമികാന്വേഷണം നടത്താവുന്ന അഞ്ചുതരം കേസുകൾ കോടതി പ്രത്യേകമായി പരാമർശിക്കുന്നുണ്ട്. അവ ഇവയാണ്: കുടുംബ/വിവാഹ കേസുകൾ, വാണിജ്യ വിഷയങ്ങൾ, ചികിത്സാപിഴവ്, അഴിമതി, കാലപ്പഴക്കം വന്ന കേസുകൾ.


 ഈ വിധിയിൽ പക്ഷെ കോടതി അതി വിചിത്രമായ ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു. പ്രാഥമികാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ കുറ്റത്തിന്റെ സ്വഭാവത്തെക്കുറിച്ച് മാത്രം അന്വേഷിച്ചാൽ മതി. അതായത് അതൊരു ഗുരുതര കുറ്റകൃത്യമാണോ അല്ലയോ എന്ന കാര്യം മാത്രം. തെളിവിന്റെയും മോഴിയുടെയും വിശ്വാസ്യതയും ആധികാരികതയും മറ്റും എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനുശേഷം അന്വേഷിച്ചാൽ മതി. "The scope of preliminary inquiry is not to verify the veracity or otherwise of the information received but only to ascertain whether the information reveals any cognizable offence."

അതിനെ ഞാൻ ഇങ്ങിനെ വിശദീകരിക്കും. ഒരു അബ്കാരി കോൺട്രാക്ടർ മന്ത്രിയ്ക്ക് പണം കൊടുത്തു എന്നൊരാൾ പരാതിപ്പെട്ടാൽ അക്കാര്യത്തിൽ തെളിവ് പരിശോധിക്കേണ്ടതില്ല, പണം കൊടുത്തത് കൈക്കൂലി ആയാണോ എന്നന്വേഷിച്ചാൽ മതി. ആണെങ്കിൽ കേസെടുക്കണം, കാരണം അത് കുറ്റകൃത്യമാണ്. അതല്ല, പാർട്ടിയ്ക്ക് സംഭാവന കൊടുത്തതാണ് എന്ന് പറഞ്ഞാൽ കേസേടുക്കേണ്ട, കാരണം സംഭാവന കൊടുക്കുന്നതോ വാങ്ങുന്നതോ കുറ്റമല്ല.

(ഈ വിധിയുടെ അടിസ്ഥാനത്തിൽ ബാബുവിന്റെ കേസിൽ വിജിലൻസിന് സംഭവിച്ച വീഴ്ച വളരെ ഗുരുതരമാണ്. ഇവിടെ പലതരം ഹർജികൾ മാത്രമല്ല ക്രിമിനൽ നടപടിച്ചട്ടം 164 അനുസരിച്ച് ബിജു നല്കിയ സ്റ്റെറ്റ്മെന്റ് ഉണ്ട്, അതിൽ കൊടുത്തത് കൈക്കൂലിയാണ് എന്ന് പറയുന്നുണ്ട്. അതായത് ഒരു ഗുരുതര കുറ്റകൃത്യം നടന്നു എന്ന് അങ്ങിനെ വരുമ്പോൾ അങ്ങിനെ വന്നാൽ പ്രാഥമികാന്വേഷണത്തിനു നില്ക്കാതെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ്യതയുണ്ട്. സുപ്രീംകോടതി ഒഴികെ വേറെ ഏതു കോടതിയിൽ പോയാലും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുക എന്നതല്ലാതെ ജഡ്ജിമാർക്കു മറ്റു വഴികൾ ഉണ്ടെന്നു എന്റെ വളരെ പരിമിതമായ നിയമജ്ഞാനം വച്ചു തോന്നുന്നില്ല.)

ഇവിടെയാണ്‌ പ്രശ്നം. ഒരു മന്ത്രിയ്ക്കെതിരെ അഴിമതി ആരോപണം ആരെങ്കിലും വിജിലൻസ് വകുപ്പിന് നൽകിയാൽ മന്ത്രിയ്ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യേണ്ടിവരും. പിന്നീട് അതേ വിജിലൻസ് തന്നെ കേസ് അന്വേഷിക്കുകയും ചെയ്യും. മന്ത്രി അംഗമായ മന്ത്രിസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ഏജൻസിയ്ക്ക് നീതിയുക്തവും നിക്ഷ്പക്ഷമായ അന്വേഷണം നടത്താൻ പറ്റില്ല എന്ന തോന്നൽ നാട്ടിലുണ്ടാകും, അങ്ങിനെ വന്നാൽ മന്ത്രി രാജിയ്ക്കേണ്ടിവരും.

അതായത്, ഒരാരോപണത്തിന്റെ പേരിൽ, തെളിവുകളുടെ ആധികാരികത ആരും പരിശോധിക്കുക പോലും ചെയ്തില്ലെങ്കിലും ഒരാൾ പുറത്തുപോകേണ്ടിവരും. ഓരോ ഭരണാധികാരിയുടെയും തലയ്ക്കു മുകളിൽ ഇതൊരു ഡമൊക്ലീസ് വാളുപോലെ തൂങ്ങിനിൽക്കുന്നുണ്ടാകും. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നതെങ്കിലും ഇത് സാമാന്യനീതിയ്ക്ക് നിരക്കുന്ന കാര്യമല്ല.

 എന്ത് ചെയ്യാം?

 രണ്ട് വഴികളാണ് എനിക്ക് തോന്നുന്നത്.

1. പ്രാഥമിക അന്വേഷണം നടത്തുന്ന ഏജൻസി തെളിവുകളുടെ ആധികാരികത പരിശോധിച്ച് അന്വേഷണം നടത്താൻ പറ്റുന്ന കേസ് ആണോ എന്ന് സ്വന്തമായി വിലയിരുത്തുക. തെളിവുകൾ ശക്തമാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ കേസ് കോടതിയുടെ അനുവാദത്തോടെ അവസാനിപ്പിക്കുക.

2. ലോകായുക്തയുടെ അധികാരപരിധി വിപുലീകരിച്ച് അഴിമതി ആരോപണങ്ങൾ അന്വേഷിക്കാനുള്ള സമഗ്ര സംവിധാനത്തിന് രൂപം കൊടുക്കുക. വിജിലൻസിനെ ലോകായുക്തയുടെ കീഴിൽ കൊണ്ടുവരിക. അങ്ങിനെ വരുമ്പോൾ എഫ് ഐ ആർ രജിസ്റ്റർ ചെയ്താലും മന്ത്രിയ്ക്ക് അന്വേഷണത്തെ സ്വാധീനിക്കാൻ തത്വത്തിലെങ്കിലും സാധ്യമല്ല.  അന്വേഷണത്തിനുശേഷം കുറ്റപത്രം സമർപ്പിച്ചെങ്കിൽ മാത്രമേ അധികാര സ്ഥാനത്തുള്ള തുടർച്ച ഒരു വിഷയമാകുന്നുള്ളൂ.

 ഒരാൾ ഭരണാധികാരിയാകുന്നത് ജനാധിപത്യപ്രക്രിയയിലൂടെയാണ്. അഴിമതിക്കാരനായ ഭരണാധികാരി ജനാധിപത്യത്തിന്റെ ശത്രുവാണ്; അയാളെ ആ സ്ഥാനത്തുനിന്നും ഒഴിവാക്കുന്നതും ജനാധിപത്യപ്രക്രിയയിലൂടെയാവണം.

6 comments:

K J Jacob said...

http://supremecourtofindia.nic.in/outtoday/wr68.pdf

സുരേഷ് കുമാർ said...

നല്ല ഒഴുക്കുള്ള എഴുത്ത്.
ഇനിയും തുടരുമല്ലോ. :)

#ബ്ളോഗമന്റ്

സുരേഷ് കുമാർ said...
This comment has been removed by the author.
sha said...

Good work

jith said...

ഇതിൽ മെച്ചപെട്ട വഴി രണ്ടാമത്തേത് ആണെന്ന് തോനുന്നു. ലോകായുകതയുടെ അധികാര പരിധി വർധിപ്പിക്കുക മാത്രമല്ല വിജിലെൻസ് പോലെ അന്വഷണ ഏജൻസിയും ലോകായുകത്യുടെ കൈയ്യിൽ ഉണ്ടാവണം.
പിന്നെ ജനാധിപത്യ പ്രക്രിയയുടെ ഒരു ഘട്ടമായ തിരഞ്ഞെടുപ്പ് വഴി അംഗം ആവുന്നത് നിയമ നിര്മാണ സഭയിൽ അല്ലെ ? മന്ത്രിമാര് ആവുന്നത് യോഗ്യത കണക്കിലെടുത്ത് നടത്തുന്ന സെലെക്ഷൻ വഴി ആണ് എന്നാണല്ലോ വെപ്പ്. . അത് കൊണ്ട് ആ യോഗ്യതയിൽ തനിക്കു തന്നെയോ , തന്നെ തിരഞ്ഞെടുത്തവർക്കോ , പൊതു സമൂഹത്തഇലോ സംശയം ഉണ്ട് എന്ന് തോന്നിയാൽ ആ സ്ഥാനത് നിന്ന് ഒഴിഞ്ഞു പോകുന്നതും( അതിനു നിർബന്ധിക്കപെടുന്നതും ) ജനാധിപത്യ പ്രക്രിയയുടെ ഭാഗം ആയി തന്നെ കാണണം.

Unni said...

well said, but lokayuktha will be a dangerous option, especially when look into some of the track record of current lokayukthas..... i support something like "jan lokpal" drafted by Prashant Bhushan & Team for enquiring the curruption cases...