Tuesday, August 26, 2014

കുടിയേറ്റക്കാരായ കർഷകർ വ്യാപകമായി ചാരായവും കള്ളും കുടിച്ചു നശിക്കുകയും കുടുംബങ്ങൾ നാനാവിധമാവുകയും ചെയ്യുന്നത് കണ്ടു മനംനൊന്ത് തലശ്ശേരി ബിഷപ്പും ഗാന്ധിയനുമായിരുന്ന ഡോ. സെബാസ്റ്യൻ വള്ളോപ്പിള്ളിയാണ് മദ്യവർജ്ജനം എന്ന ആശയം മൂന്നു നാല് പതിറ്റാണ്ട് മുന്പ് സാമൂഹത്തിന്റെ അജണ്ടയിലെയ്ക്ക് കാര്യമായി കൊണ്ടുവരുന്നത്. എം പി മന്മഥനും കുമാരപിള്ളയും ഒക്കെയുള്ള ഒരു സാമൂഹ്യ പരിവർത്തന പ്രസ്ഥാനമായി അത് മാറി. സമ്പൂർണ്ണ മദ്യനിരോധനം എന്ന വാദം അപ്രായോഗികമാണ് എന്നറിയാവുന്നതുകൊണ്ടുതന്നെ ബോധവൽക്കരണം, നിയന്ത്രണം എന്നിങ്ങനെ പടിപടിയായുള്ള ഒരു നീക്കമാണ് അവർ ഉദ്ദേശിച്ചിരുന്നത്. ആകുന്ന കാലത്തോളം സ്വന്തം ഖദർ ളോഹ സ്വയം അലക്കിയുടുത്തിരുന്ന വള്ളോപ്പള്ളിയിൽനിന്നും കേരള കത്തോലിക്കാ സഭയെ കച്ചവടം പഠിപ്പിച്ച ക്ലിമീസിലെക്കെത്തിയപ്പോൾ പഴയ വിനയത്തിന്റെ ഭാഷയൊക്കെ മാറി; ബാറുകൾ തുറന്നാൽ സര്ക്കാരിന്റെ അന്ത്യമായിരിക്കുമെന്ന, തികച്ചും പൊള്ളയായ പക്ഷെ അഹങ്കാരം നിറഞ്ഞ വാചകമടി നമ്മൾ കേട്ടു. ഫലം: സുധീരനുമായുള്ള യുദ്ധത്തിൽ തോല്ക്കും എന്ന ഘട്ടം വന്നപ്പോൾ ഉമ്മൻ ചാണ്ടി എടുത്തുചാടി നടത്തിയ പ്രഖ്യാപനത്തിന് കത്തോലിക്കാ സഭയുമുത്തരം പറയേണ്ടുന്ന അവസ്ഥ! പരമാവധി ഓരോ കുർബാനയ്ക്കും അഞ്ചു മുതൽ പത്തു മി ലി വരെ ഉപയോഗിക്കുന്ന വീഞ്ഞിന്റെ പേരിൽ 23 ഡിസ്റ്റിലറിയുള്ള വമ്പൻ മദ്യ സാമ്രാജ്യമായി അങ്ങിനെ ഒറ്റ രാത്രികൊണ്ട്‌ കത്തോലിക്കാ സഭ മാറി. കച്ചവടക്കാരന്റെ വിടുവായത്തത്തിനു കൊടുക്കേണ്ടി വന്ന വില! ഗുരുവിനെയും ഗുരുദർശനങ്ങളെയും കാശാക്കി മാറ്റിയ വെള്ളാപ്പള്ളി നടേശൻ എന്ന മദ്യ മുതലാളിയുടെ മുള്ളുവച്ച വർത്തമാനത്തിനു മുൻപിൽ വസ്ത്രമുരിഞ്ഞപോലെയായി ഡിസ്റ്റിലറി ലൈസൻസ് പെട്ടിയിൽ വച്ചു സമ്പൂർണ്ണ മദ്യ നിരോധനം നടത്തിയില്ലെങ്കിൽ സര്ക്കാരിനെ വീഴിക്കും എന്ന് വീമ്പു പറഞ്ഞു നടന്ന പിതാക്കന്മാർ. നാട്ടിലെ നിയമത്തിനു മേലെ ഒരു നിയമവും പാടില്ല, ഒരു മത സമ്പ്രദായത്തിനും വിശ്വാസത്തിനും ഒഴിവുകൊടുക്കേണ്ട ആവശ്യവുമില്ല. സമ്പൂർണ്ണ മദ്യ നിരോധനം വേണം എന്നാവശ്യപ്പെട്ടിട്ടു വൈൻ മദ്യമല്ല എന്ന് പറഞ്ഞു നില്ക്കാനുള്ള ശ്രമം പരിഹാസ്യമാണ്. അതുകൊണ്ട് പിതാക്കന്മാരെ, പറഞ്ഞത് വെള്ളാപ്പള്ളിയാണെന്നത് വിട്ടേക്കുക. വലിയ മനുഷ്യർ ഇരുന്ന കസേരയാണത്, കേൾക്കുന്നതുകൊണ്ട്‌ ഒരു കുറച്ചിലുമില്ല.ഡിസ്റ്റിലറി ലൈസൻസ് തിരിച്ചേൽപ്പിക്കുക. അത്യാവശ്യമാണെങ്കിൽ മുന്തിരിപിഴിഞ്ഞു നീരെടുക്കുക. അല്ലെങ്കിൽ കട്ടൻകാപ്പികൊണ്ട്‌ തൃപ്തിപ്പെടുക. പിന്നെ, കച്ചവടക്കാരിൽനിന്ന് നിങ്ങളെത്തന്നെ തിരിച്ചു പിടിക്കാൻ വല്ല വഴിയുമുണ്ടോയെന്ന് നോക്കുക.

No comments: