Tuesday, August 26, 2014

ആറെസ്സെസ്സിന്റെ ബി ജെ പി ടേക്ക്ഓവർ

അങ്ങിനെ ആറെസ്സെസ്സിന്റെ ബി ജെ പി ടേക്ക്ഓവർ പൂർത്തിയായി. ബി ജെ പി യുടെ സ്ഥാപക നേതാവ് എന്നത് മാത്രമല്ല പലപ്പോഴും വാജ്പേയിയോടു ഇത്തിരി അകലം പാലിക്കാൻ ആരെസ്സെസ്സിനെ നിര്ബന്ധിച്ചത്. സർ സംഘ ചാലക്മാർ ആയിരുന്ന രാജുഭയ്യയും സുദർശനും ആറെസ്സെസ്സിൽ വാജ്പേയിയുടെ ജൂനിയർമാരായിരുന്നു. ജോർജ് ഫെർണാണ്ടസിനെ പ്രതിരോധ മന്ത്രി ആക്കുന്നതടക്കം പ്രധാന തീരുമാനങ്ങളിൽ മുറുമുറുപ്പോടെ അംഗീകരിക്കേണ്ടി വന്നത് ആ സീനിയോരിട്ടി ഉണ്ടായിരുന്നതുകൊണ്ടാണ്. പക്ഷെ വാജ്പേയി പോയതോടെ ആ കളി നിന്നു. സ്വയം വാജ്പേയി ആകാൻ ശ്രമിച്ച, എന്നും ആരെസ്സിന്റെ അരുമയായിരുന്ന അദ്വാനി, സംഘത്തിന്റെ ലക്ഷമണ രേഖ ലംഘിച്ചതിന് കൊടുത്ത വില വളരെ വലുതാണ്‌. ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആരോഹനത്തിനു സെക്കുലർ ഇമേജ് സഹായിക്കും എന്ന് വിചാരിച്ചു ജിന്നയെ പ്രശംസിച്ച അദ്വാനി പക്ഷെ പിന്നീടൊരിക്കലും സംഘത്തിന്റെ ഗുഡ് ബുക്സിൽ കയറിയില്ല. അപ്പോഴേക്കും ഗുജറാത്ത് കലാപം കൈകാര്യം ചെയ്ത രീതിയിലൂടെ നരേന്ദ്ര മോഡി ആ സ്ഥാനത്തെയ്ക്ക് വന്നു കഴിഞ്ഞിരുന്നു. ചരിത്രത്തിൽ ആദ്യമായി സംഘ് പരിവാരിനു ഭരണത്തിൽ നിർണായക പങ്കു ലഭിക്കത്തക്ക വിധത്തിൽ ബി ജെ പി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലെയ്ക്ക് നയിച്ച മോഡിയ്ക്കും ഒരു മുന്നറിയിപ്പ് നല്കാൻ സംഘം മറന്നില്ല. ഈയിടെ അമിത് ഷായുടെ പ്രസിഡന്റ്റ് സ്ഥാനം അംഗീകരിക്കാൻ ചേർന്ന നാഷണൽ കൌണ്‍സിൽ യോഗത്തിൽ ഷായും മോഡിയും ആറെസ്സെസ്സിന്റെ പേര് പറയാതെ പരസ്പരം പുറം ചൊറിഞ്ഞത് തീരെ പിടിക്കാത്ത സർ സംഘചാലക് മോഹൻ ഭാഗവത് തൊട്ടടുത്ത അവസരത്തിൽത്തന്നെ ഇരുവർക്കും മുന്നറിയിപ്പ് നല്കി. ഒരു നേതാവിന്റെയും വ്യക്തിപരമായ നേട്ടമല്ല തെരഞ്ഞെടുപ്പു വിജയം എന്ന് തെളിഞ്ഞ ഭാഷയിൽ നേതാക്കന്മാരെ ഓർമ്മിപ്പിക്കാൻ ഭാഗവത് മറന്നില്ല. ഇപ്പോൾ അദ്വാനിയും ജോഷിയും ചിത്രത്തിൽനിന്ന് മായുന്നതോടെ എല്ലാം പൂർത്തിയായി.

No comments: