Tuesday, August 26, 2014

ഉമ്മൻചാണ്ടിയെന്നാൽ ....

കൃത്യം പത്തുകൊല്ലം മുൻപാണത്.

രാജ്യസഭയിലേയ്ക് വന്ന ഒഴിവുകളിൽ രണ്ടിലും മുൻപൊരിക്കലുമില്ലാത്തതുപൊലെ 'ഹൈക്കമാണ്ട്' സ്ഥാനാർഥികൾ പ്രത്യക്ഷപ്പെട്ടു. അടവുകളുടെ ആശാനായിരുന്ന കെ കരുണാകരന് 'എ' ഗ്രൂപ്പ് കൊടുത്ത പണിയായിരുന്നു അത്. കേരളത്തിലെ കോണ്ഗ്രസ് സീറ്റുകൾ ആർക്കെന്ന് തീരുമാനിക്കുന്നതിൽ പത്തു മുപ്പതുകൊല്ലക്കാലം അവസാനവാക്കുപറഞ്ഞിരുന്ന 'ലീഡരെ' അപ്രസക്തനാക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള 'എ' ഗ്രൂപ്പ് നേടിയ ആദ്യത്തെ വിജയം.


നേരിട്ടുള്ള കളിയിലോ കോണ്ഗ്രസ് പ്രവർത്തകരുടെ പിന്തുണയിലോ കരുണാകരന്റെ ഏഴയലത്ത് നില്ക്കാനുള്ള യോഗ്യതയില്ലാത്ത ഉമ്മൻ ചാണ്ടിയുടെയും കൂട്ടരുടെയും കളികൾ വിജയം കണ്ടു തുടങ്ങിയ ആദ്യ നാളുകൾ. നിൽക്കക്കള്ളിയില്ലാതെ റിബൽ സ്ഥാനാർഥിയെ നിർത്തി കരുണാകരൻ ഹൈക്കമാണ്ടിന്റെ കരിമ്പട്ടികയിൽ കയറിയപ്പോൾ ചാണ്ടി ആദ്യ വിജയം ആഘോഷിച്ചു.

'ഐ' ഗ്രൂപ്പിന്റെ കുത്തകയായിരുന്ന ഏറണാകുളം ലോക്സഭാ സീറ്റിൽ 'ഐ'ക്കാരനായിരുന്ന ജോർജ് ഈഡന്റെ മരണത്തെത്തുടർന്നുണ്ടായ ഒഴിവിൽ 'എ' സ്ഥാനാർഥിയെ നിർത്തി, ലീഡറെ നാണം കെടുത്തി. കൈവിട്ട കളിക്കിറങ്ങിയ കരുണാകരൻ എൽ ഡി എഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ പോളിന്റെ ചിഹ്നമായ 'ടെലവിഷൻ' അനുയായികൾക്ക് ചൂണ്ടിക്കാട്ടി അവസാന കളിക്കിറങ്ങി. സ്വന്തം ശക്തിയിൽ, മിടുക്കിൽ ഒക്കെ അമിത വിശ്വാസമുണ്ടായിരുന്ന കരുണാകരന്റെ അവസാനത്തിന്റെ ആരംഭമായിരുന്നു അത്.

കോണ്ഗ്രസ് സ്ഥാനാർഥി തോറ്റെങ്കിലും കരുണാകരനെ കൊണ്ഗ്രസിന്റെ പടിയിറക്കുന്നതിൽ ഉമ്മൻചാണ്ടി വിജയിച്ചു. ഇടതുമുന്നണിയിൽ നിൽക്കക്കള്ളിയില്ലാതെ ഒരു ഗതിയും പരഗതിയുമില്ലാതെ നിന്നപ്പോൾ യു ഡി എഫിലേയ്ക്ക് സ്വീകരിച്ച കരുണാകരനിട്ടു തന്നെ കൊടുത്തു പണി. ഇന്ദിരാഗാന്ധിയുടെ എന്നത്തെയും വിശ്വസ്തനായിരുന്ന കരുണാകരൻ ഒരു വാക്ക് എതിർത്തിരുന്നെകിൽ മുന്നണി പ്രവേശനമോ കോണ്ഗ്രസ് ലയനമോ നടക്കാതെ ഒരു ഇത്തിരി കൂടി വലിയ ഒരു കടന്നപ്പള്ളി ആയി ആന്റണിയും ചാണ്ടിയുമൊക്കെ ഒടുങ്ങിയേനെ.

 ആന്റണിയുടെ കളരിയിൽ കരുണാകരനെതിരെ പയറ്റിയാണ് ഉമ്മൻചാണ്ടി രാഷ്ട്രീയം കളിച്ചത്. ആ രണ്ടുമുറകളും അറിയുകയും ചെയ്യാം. പക്ഷെ കൂടുതൽ അറിയാവുന്നത്, പ്രയോഗിക്കുന്നതും, എതിരാളിയായ കരുണാകരനിൽ നിന്നും പഠിച്ച കുതന്ത്രങ്ങൾ തന്നെ. കരുണാകരനെതിരെ അവ വിജയം കണ്ടു എന്നത് നേര്. പക്ഷെ അതെ തന്ത്രം രമേശ്‌ ചെന്നിത്തലയ്കെതിരെ പ്രയോഗിക്കുമ്പോൾ എൽക്കുന്നില്ല.

 ചെന്നിത്തല ഒരു രാഷ്ട്രീയ തന്ത്രജ്ഞനാണെന്ന് അദ്ദേഹത്തിൻറെ ശത്രുക്കൾ പോലും പറയില്ല. കുറച്ചു ഹിന്ദി, കുറച്ചു ബാലജനസഖ്യം, കരുണാകരന്റെ വാത്സല്യം, പിന്നെ നല്ല ഉറപ്പുള്ള തലേവര ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ബലം. മധ്യതിരുവിതാംകൂറിന്റെ വർഗീയ ചിന്തയിൽ നായരായതുകൊണ്ട് കിട്ടിയ ചില ചില്ലറ ആനുകൂല്യങ്ങളും. ഇതൊക്കെ വച്ചുള്ള കളികൊണ്ട്, കരുണാകരന്റെ തലകൊയ്ത ഉമ്മൻ ചാണ്ടിയോട് പിടിച്ചു നില്ക്കാൻ എങ്ങിനെ കഴിയുന്നു?

 ഇവിടെയാണ്‌ സോണിയാ ഗാന്ധിയുടെ സ്വഭാവത്തിന്റെ ഒരു പ്രത്യേകത ചെന്നിത്തലയ്ക്ക് സഹായകമായത്. സ്വന്തം കഴിവിൽ ഇന്ദിരാഗാന്ധിയ്കും നരസിംഹറാവുവിനും ഒരു പക്ഷെ രാജീവ് ഗാന്ധിയ്ക് പോലും ഉണ്ടായിരുന്ന ഉറപ്പൊന്നും ഇല്ലാത്ത ആളാണ്‌ സോണിയ. അതുകൊണ്ടുതന്നെ വലിയ 'കളിക്കാരെ' കഴിയുന്നതും ഒഴിവാക്കി നിർത്തുകയാണ് അവരുടെ പതിവ്. ശരാശരിക്കാരുടെ ടീമാണ് സോണിയയുടെത് വലിയ വര്ത്തമാനം പറയാത്ത, ജോലി ചെയ്യുന്ന ആളുകളാണ് അവരുടെ ടീമിൽ മിക്കവാറും നല്ല സ്ഥാനങ്ങളിൽ ഇരിക്കുന്നവർ. മൻമോഹൻസിംഗ് മുതൽ ആന്റണിയുടെയും പള്ളം രാജുവിന്റെയും ഒക്കെ സ്ഥാന ലബ്ധിക്കു പിറകിൽ ഈ പ്രത്യേകതയാണ്.

അങ്ങിനെയുള്ള സോണിയയുടെ മുൻപിലേയ്ക്ക് കെണിവച്ചു പിടിച്ച കെ പി സി സി പ്രസിഡന്റിനെ കറിവച്ചു തരണമെന്ന് പറഞ്ഞു ചെന്നിടത്താണ് ഉമ്മൻ ചാണ്ടിയ്ക് പിഴച്ചത്. ഇന്ദിരയോ റാവുവോ ആയിരുന്നെങ്കിൽ ഉമ്മൻചാണ്ടിയോടൊപ്പം ഇരയുടെ കളി ആസ്വദിച്ചേനെ. കൂട്ടിൽ കിടന്നുള്ള ചെന്നിത്തലയുടെ ദയനീയ നോട്ടം സോണിയയുടെ മനസ്സിളക്കും. സോണിയയെ അളക്കുന്നതിൽ, പാവം കളിക്കാനുള്ള ചെന്നിത്തലയുടെ ബുദ്ധി അളക്കുന്നതിൽ, ചാണ്ടിയുടെ അതിബുദ്ധിയ്ക് തെറ്റി. എതിരാളികളെ അളക്കുന്നതിൽ, സ്വന്തം മിടുക്ക് കാണിക്കുന്നതിൽ, കരുണാകരന് പറ്റിയ അബദ്ധം, പത്തുവർഷത്തിനുശേഷം ചാണ്ടിയ്ക്കും പറ്റി.

 മിടുക്കുണ്ടായാൽ മാത്രം പോര. മിടുക്ക് കാണിക്കാൻ പാടില്ലാത്ത സ്ഥലത്ത് മിടുക്ക് കാണിക്കാതിരിക്കാനുള്ള മിടുക്ക് കൂടി വേണം. അത് കരുണാകരൻ ആദ്യം മറന്നു. ഇപ്പോൾ ചാണ്ടിയും.

 (2013-ൽ അപ്രധാന വകുപ്പുമായി മന്ത്രിസഭയിലെടുത്തു ഒതുക്കാനുള്ള ശ്രമത്തെ സോണിയ ഗാന്ധിയെ ഇടപെടുത്തി അന്നത്തെ കെ പി സി സി പ്രസിഡന്റ്റ്‌ രമേശ്‌ ചെനിത്തല ഒഴിവാക്കിയ സമയത്ത് എഴുതിയതാണ് . ഉമ്മൻ ചാണ്ടി എല്ലാ കാലത്തെയ്ക്കുമുള്ള ഇതിഹാസമായതിനാൽ ഒരക്ഷരവും പാഴാകില്ല, കഥാപാത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഇത്തിരി മാറും, അത്രേയുള്ളൂ.)

No comments: