Wednesday, August 27, 2014
വീണ്ടും ഗാഡ്ഗിൽ
"ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്" എന്ന കേരളത്തിന്റെ അവതരണഗീതത്തിന്റെ ആത്മാവുൾക്കൊണ്ടുകൊണ്ട് ഗാട്ഗിൽ റിപ്പോർട്ടിന്റെ കഥ നമ്മൾ അങ്ങിനെ കഴിച്ചു.
പശ്ചിമഘട്ടമെന്നത് ഈ സംസ്ഥാനത്തിന്റെ എല്ലാ നന്മകളുടെയും ഉറവിടമാണെന്നും, അത് കൂടുതൽ അപകടപ്പെടുത്താതെ അടുത്ത തലമുറയ്ക്ക് കൈമാറാൻ നമുക്ക് ബാധ്യതയുണ്ടെന്നും, അതിനുള്ള ചെലവു അതിന്റെ ഗുണഭോക്താക്കലെല്ലാം ചേർന്ന് വഹിക്കണം എന്നുമുള്ള സാമാന്യ ബുദ്ധി നമുക്ക് പിടികിട്ടിയില്ല.
ഒന്നുകിൽ ഇപ്പോഴത്തെ മട്ടിൽ പശ്ചിമഘട്ടത്തെ തുരന്നു തിന്നുന്ന പരിപാടി അതേപോലെ തുടരണം, അല്ലെങ്കിൽ അവിടത്തെ കൃഷിക്കാരെ മുഴുവൻ രായ്ക്കു രാമാനം ഇറക്കി വിടണം എന്നീ രണ്ടു ഓപ്ഷനെ നമുക്ക് മനസ്സിലായുള്ളൂ. മദ്യം കുറയ്ക്കണം എന്ന് പറഞ്ഞാൽ മൊത്തം മദ്യഷാപ്പുകളും അടച്ചിടുന്ന മർക്കട ബുദ്ധിയ്ക്ക് അതിനപ്പുറം ചിന്തിക്കാനാവില്ല എന്നതിൽ അദ്ഭുതമില്ല. സാധാരണ മനുഷ്യന്റെ വേദന കാണാതിരുന്ന സർക്കാർ, ഒരവസരം കാത്തിരുന്ന ദ്രോഹബുദ്ധികളായ സർക്കാരുദ്യോഗസ്ധന്മാരുടെ വായിലേയ്ക്ക് അവരെ എറിഞ്ഞു കൊടുത്തു. സി പി എം ഒഴികെ ഒരു പാർട്ടിയും അവരുടെ അവസ്ഥ മനസ്സിലാക്കാനുള്ള ശ്രമം പോലും നടത്തിയില്ല. ഫലം: കഴുകന്മാരായ പുരോഹിതന്മാരുടെ നേതൃത്വം മാത്രം രക്ഷ എന്ന ഭീകരമായ അവസ്ഥയിൽ അവർ എത്തിപ്പെട്ടു. വഴിതടയലും വണ്ടി കത്തിക്കലുമൊക്കെ അതിന്റെ ബാക്കിപത്രങ്ങളാണ്.
ഇനിയെന്ത് എന്ന കാര്യത്തിൽ ഇത്തിരിയെങ്കിലും പ്രായോഗികമായ നയം ഉറക്കെപ്പറഞ്ഞത് സി പി എം മാത്രമാണ്: രണ്ടു റിപ്പോർട്ടിനെയും പറ്റി പഠിച്ചു കൃഷിക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെക്കൂടി ഉൾപ്പെടുത്തി ഒരു ജനകീയ പ്രസ്ഥാനമാക്കി പശ്ചിമ ഘട്ട സംരക്ഷണത്തെ മാറ്റണം. ഇക്കാര്യം പറഞ്ഞാൽ മനസ്സിലാകുന്ന ആരും തിരുവനന്തപുരത്തെ സെക്രട്ടെരിയട്ടിൽ ഇരിക്കുന്നില്ല എന്ന കാര്യം മനസ്സിലാക്കി പ്രകാശ് ജാദവെക്കർ എന്ന, അത്യാവശ്യം മനുഷ്യപ്പറ്റുണ്ടെന്നു തോന്നിക്കുന്ന ആ കേന്ദ്ര മന്ത്രിയെക്കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തണം. ഇക്കാര്യം ചെയ്യാൻ ബാധ്യതയുണ്ടായിട്ടും ഒന്നും ചെയ്യാതെ വെറുതെ വാചകമടിച്ച്ചുനടന്ന പി ടി തോമസിനെ കണക്കാക്കേണ്ടതില്ല. കൈയിലുള്ള എം പി യെ തുരുപ്പു ചീട്ടാക്കി ഉപയോഗിച്ചു കേന്ദ്രത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കണം.
പശ്ചിമ ഘട്ടം സംരക്ഷിക്കുക എന്നാൽ അടുത്ത തലമുറയ്ക്ക് കുടിവെള്ളം ഉറപ്പുവരുത്താൻ നമ്മൾ ചെയ്യുന്ന മിനിമം കാര്യമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment