Wednesday, October 8, 2014

വെള്ളക്കരം: സമരവഴി

ബഹുമാനപ്പെട്ട പിണറായി വിജയന് അറിയാൻ,

ബ്രിട്ടീഷുകാരോടല്ലായിരുന്നെകിൽ ഗാന്ധിജിയുടെ സമര രീതി പരാജയപ്പെട്ടു പോയിരുന്നേനെ എന്ന് കേട്ടിട്ടുണ്ട്. താങ്കൾ പരിചയിച്ച രാഷ്ട്രീയവും സമര രീതികളും മനസ്സിലാകുന്ന ഒരു എതിരാളിയല്ല ഉമ്മൻ ചാണ്ടി. നിയമസഭ വിളിച്ചുകൂട്ടി കാര്യം പറയണമെന്നും , അതുവരെ കൂട്ടിയ കരം അടയ്ക്കാതെ പ്രതിഷേധിക്കണമെന്നും താങ്കൾ പറഞ്ഞപ്പോൾ "മദ്യത്തിന്റെ കരമാണോ അടയ്ക്കാതിരിക്കുന്നെ" എന്ന് ചോദിച്ച ആളാണ്‌ ഉമ്മൻ ചാണ്ടി. മദ്യത്തിന് ഉപഭോക്താവ് കൊടുക്കുന്നത് വിലയാണെന്നും അതിൽ നികുതി കണക്കാക്കുന്നതിൽ ഉപഭോക്താവിന് റോളില്ലെന്നും അറിയാത്ത ആളല്ല അദ്ദേഹം. കുതന്ത്രങ്ങളും കുബുദ്ധിയും നിറഞ്ഞ തലയിൽനിന്നും ഇത്തരം ഉടക്കു വർത്തമാനമേ വരൂ എന്നങ്ങു ആശ്വസിക്കുക. ഇത്തരം എതിരാളിയോടുള്ള സമരം തന്ത്രപൂർവ്വം നടത്തേണ്ട ഒന്നാണ്.

താങ്കളുടെപോലുള്ള ഋജുവായ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞാൽ ഇപ്പോഴത്തെ കേരളത്തിൽ ചിലവാകില്ല. അതുകൊണ്ട് അനുകൂലമായ മറ്റു ചില ഘടകങ്ങളെ ബുദ്ധിപൂർവ്വം ഉപയോഗിക്കണം എന്നൊരപേക്ഷ താങ്കളുടെ മുന്പാകെ സമർപ്പിക്കുന്നു. അങ്ങേയറ്റം മാധ്യമ സഹായം ഈ വിഷയത്തിൽ പ്രതിപക്ഷത്തിന് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാധാരണക്കാരന്റെ നടുവോടിക്കുമെന്നു മനോരമ മുഖപ്രസംഗം എഴുതണമെങ്കിൽ സർക്കാർ അവരുടെ വായനക്കാരിൽ എന്തുമാത്രം വെറുപ്പ് ഉൽപ്പാദിപ്പിച്ചു കഴിഞ്ഞിട്ടുണ്ടാകും എന്ന് കണക്കാക്കണം. ( കാര്യം ചാണ്ടി മ്മടെ ആളാണ്, പക്ഷെ വായനക്കാരുടെ കൂടെയാണ് എന്നവരെ ധരിപ്പിച്ചില്ലെങ്കിൽ പത്രം വിറ്റുപോകില്ലെന്ന് അച്ചായനെ ആരും പഠിപ്പിക്കേണ്ട).

അതുകൊണ്ട് മാധ്യമ ചർച്ചകളിൽ നമ്മുടെ സ്ഥിരം കുറ്റികളായ മാധവൻ കുട്ടി സാറിനെയും ഭാസുരേന്ദ്ര ബാബു സാറിനെയും ആനത്തലവട്ടം സഖാവിനെയും വിടരുത്. ജയരാജ സഖാക്കളോടും വിശ്രമിക്കാൻ പറയണം. പകരം, താൻ വളരെ മര്യാദക്കാരനായി മാറിയ കാര്യം ഇതുവരെ അറിയാതെപോയ മട്ടിൽ എതിരാളികളെ തൊലിയുരിക്കുന്ന സ്വരാജിനെയും നിഷ്കളങ്കമായ മുഖഭാവത്തോടെയും അങ്ങേയറ്റത്തെ വിനയത്തോടെയും മുഖമടച്ചു വർത്തമാനം പറയുന്ന മുഹമ്മദ്‌ റിയാസിനെയും ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ഷംസീറിനെയും ആ പണിയെൽപ്പിക്കുക.

ഇടയ്ക്കിടയ്ക്ക് ശതമാനക്കണക്ക് പറയാൻ തോമസ്‌ ഐസക്കിനോടും പറയണം. (അതൊന്നും പറഞ്ഞാൽ യു ഡി എഫിലാര്ക്കും മനസിലാകും എന്ന പ്രതീക്ഷ വേണ്ട. പത്തിന് മുകളിലേയ്ക് കൂട്ടണമെങ്കിൽ കാൽ വിരലുകളിൽ കൈ വെക്കേണ്ട ആവശ്യമില്ലാത്ത അപൂർവ്വം യു ഡി എഫുകാരിൽ ഒരാളാണ് താങ്കളുടെ പഴയ ശിഷ്യനായ സി പി ജോണ്‍. ജോണ്‍ ഇന്നലെ പറഞ്ഞത് മദ്യ വരുമാനമില്ലാതെ രാജ്യം ഭരിക്കുന്ന വെല്ലുവിളി യു ഡി എഫ് ഏറ്റെടുക്കാൻ പോവുകയാണ് എന്നും, അതിനു വേണ്ടിയാണ് മദ്യ നികുതി കൂട്ടിയത് എന്നുമാണ്. താങ്കൾക്ക് മനസ്സിലായിക്കാണില്ല. എനിക്കും മനസ്സിലായില്ല. അതാണ്‌ അപ്പുറത്തുള്ള സൈസുകൾ എന്ന് മാത്രം മനസ്സിലാക്കുക ).

പിന്നെ എല് ഡി എഫ് വക മാമൂൽ പ്രചാരണങ്ങൾ നടക്കട്ടെ. ഇപ്പോഴുള്ള മാധ്യമ പിന്തുണ പോകാതെ നോക്കിയാല മാത്രം മതി. സെക്രട്ടെരിയെറ്റു വളയൽ സമരത്തിനില്ലാത്ത ഒരനുകൂല ഘടകം ഇപ്പോഴുണ്ട്. അന്ന് നേരത്തെ തിയതി പ്രഖ്യാപിച്ഛതുകാരണം തിരുവനന്തപുരത്തെ കക്കൂസുകൾ പൂട്ടി സമരത്തെ തോല്പ്പിക്കാൻ ഉമ്മൻ ചാണ്ടിയ്ക്ക് പറ്റി. വെള്ളക്കരം അടയ്ക്കാൻ അങ്ങിനെ പ്രത്യേക സമയമൊന്നുമില്ലല്ലൊ.

അപ്പോൾ വെള്ളക്കരമടയ്ക്കാത്ത ഒരു സഖാവിനെ കണ്ടുപിടിക്കുക. ആ സഖാവിന്റെ വീടിനു ചില പ്രത്യേകതകൾ വേണം. 1. ടൌണിലായിരിക്കണം. ചാനൽ ക്യാമറകൾക്ക് പെട്ടെന്ന് എത്താൻ പറ്റണം. 2. അവിടെ കണക്ഷൻ വിച്ചെദിക്കാൻ വരുന്ന ആൾ മ്മടെ സഖാവായിരിക്കണം. 3. സ്ഥലം എസ്സൈ-സി ഐ-ഡി വൈ എസ് പി ചെയിൻ മ്മടെ കൂടെ നില്ക്കണം.

അപ്പോൾ നമ്മൾ തെരഞ്ഞെടുക്കുന്ന ദിവസം രാവിലെ നമ്മുടെ സഖാവായ ജല അതോറിറ്റി ഉദ്യോഗസ്ഥൻ കണക്ഷൻ കട്ട് ചെയ്യാൻ വരുന്നു. അപ്പോൾ താങ്കൾ പ്രത്യക്ഷപ്പെടുന്നു, അയാളെ തടയുന്നു. ചാനലുകൾ വരുന്നു. സര്ക്കാരുദ്യോഗസ്ഥനെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ തടഞ്ഞതിന് താങ്കളെ അറസ്റ്റ് ചെയ്യുന്നു. (അറസ്റ്റ് ചെയ്യാൻ വേണ്ടിയാണ് ഉദ്യോഗസ്ഥൻ നമ്മുടെ ആളായിരിക്കണം എന്ന് പറഞ്ഞത്. "പിണറായി സാർ പോയിക്കഴിഞ്ഞു വന്ന് കട്ട് ചെയ്തോ" എന്ന് എസ്സൈ പറഞ്ഞാൽ പരിപാടിയുടെ കാറ്റ് പോകും).

വെള്ളക്കരം അടയ്ക്കാത്ത വീട്ടുടമയെ പിന്തുണച്ചതിനും അയാളുടെ വെള്ളം കട്ട് ചെയ്യാനെത്തിയ ഉമ്മൻ ചാണ്ടിയുടെ ഉദ്യോഗസ്ഥനെ തടഞ്ഞതിനും പിണറായി വിജയനെ അറസ്റ്റ് ചെയ്തു പോലീസ് വണ്ടിയുടെ പിൻസീറ്റിൽ ഇരുത്തി കൊണ്ടുപോകുന്ന ദൃശ്യം ചാനലുകൾ ലൈവ് ടെലകാസ്റ്റ് ചെയ്യുന്നു.

ബാക്കി കാര്യം നാട്ടുകാർ നോക്കിക്കോളും.

1 comment:

K J Jacob said...

https://www.facebook.com/kj.jacob.7/posts/10203903438361901